മീനില്ല കണി കാണാൻ; പിടഞ്ഞ് തീര മേഖല

Sunday 23 May 2021 11:29 PM IST

ജൂൺ 9 മുതൽ ജൂലായ് 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: കൊവിഡ് ഭീഷണിയും പ്രതികൂല കാലാവസ്ഥയും കാരണം ആഴ്ചകളായി കടലിൽ പോകാതിരുന്ന മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും അനുമതി ലഭിച്ചെങ്കിലും, ഒഴിഞ്ഞ വലകളുമായി തിരിച്ചെത്തേണ്ട അവസ്ഥയാണ്. കടലിൽ മത്സ്യലഭ്യത കുത്തനെ കുറഞ്ഞെന്നാണ് മത്സ്യത്തൊഴിലാളികളുടെ സാക്ഷ്യം. ജൂൺ 9 മുതൽ ജൂലായ് 31 വരെയാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം.

അയല, മത്തി, ആവോലി, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾ കിട്ടാക്കനിയായി.

കിട്ടുന്നത് ചൂര തുടങ്ങിയ ചുരുക്കം മീനുകളാണ്. അതും വളരെ കുറഞ്ഞ അളവിൽ. കടലിൽ പോകുന്ന ബോട്ടുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. മത്സ്യബന്ധനത്തിനായി മറ്റ് ജില്ലകളിലെ ഹാർബറുകളിലേക്ക് യാത്ര ചെയ്യുന്നവരെ പൊലീസ് തടയുന്നതായും പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് പൊലീസിന്റെ നടപടി ബുദ്ധിമുട്ടുണ്ടാക്കുന്നത്. പിഴ ഈടാക്കുന്നതിനാൽ ഇവരെ ഹാർബറുകളിലെത്തിക്കാൻ വാഹന ഉടമകളും മടിക്കുന്നു. ജൂൺ ഒൻപത് മുതൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യമേഖല പൂ‌ർണമായും ലോക്കാകും. ലഭ്യത കുറഞ്ഞതോടെ മീൻ വിലയും ഉയർന്നു. ഉണക്ക മീനിനും ക്ഷാമം.

''മത്സ്യലഭ്യത തീരെ കുറവാണ്. കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പേര് പറഞ്ഞ് വില കുറച്ചാണ് കച്ചവടക്കാർ മീൻ വാങ്ങുന്നത്. ചുഴലിക്കാറ്റിലും മഴയിലും നിരവധി വള്ളങ്ങളും ഉപകരണങ്ങളും വീടുകളും തകർന്നു

- ജാക്സൺ പൊള്ളയിൽ,

മത്സ്യത്തൊഴിലാളി ഫെഡറേഷൻ

സംസ്ഥാന പ്രസിഡന്റ്

Advertisement
Advertisement