ലതികാ സുഭാഷ് എൻ.സി.പിയിൽ

Monday 24 May 2021 2:04 AM IST

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചതിന് കെ.പി.സി.സി .സി ആസ്ഥാനത്തിനു മുന്നിൽ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിന് മാനക്കേടുണ്ടാക്കിയ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് എൻ.സി.പിയിൽ ചേരുന്നു.ഇന്നോ നാളെയോ വാർത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു.

എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി .ചാക്കോയും മന്ത്രി ഏ.കെ.ശശീന്ദ്രനും വിളിച്ചിരുന്നു .പാർട്ടിയിലേക്ക് വരുന്നതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. എൻ.സി.പി കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ്. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കോൺഗ്രസുമായി സഹകരിച്ചു പോന്നതിനാൽ അതേ പാരമ്പര്യമുള്ള എൻ. സി. പിയിൽ ചേരുന്നതിൽ തെറ്റില്ലെന്നു തോന്നി. ചെറിയ പ്രായം മുതൽ കാണുന്ന കോൺഗ്രസ് നേതാവാണ് ചാക്കോ.അദ്ദേഹത്തിന്റെ നിർദ്ദേശം തള്ളിക്കളയാൻ തോന്നിയില്ല.കോൺഗ്രസിലെ ഗ്രൂപ്പുകളിയിൽ അസംതൃപ്തരായ പലരും വരും ദിവസങ്ങളിൽ പാർട്ടി വിട്ടേക്കും- ലതികാ സുഭാഷ് പറഞ്ഞു.

ഒരു നേതാവ് മാറിയതു കൊണ്ട് സംസ്ഥാനത്ത് കോൺഗ്രസ് രക്ഷപെടില്ല. ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുമോ എന്നതാണ് പ്രധാനം .തന്റെ രാജി സ്ത്രീകൾക്കിടയിൽ കോൺഗ്രസിനെതിരായ വികാരമുണ്ടാക്കിയെന്നു കരുതുന്നു. രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നത് നേട്ടമുണ്ടാക്കുമോയെന്ന് കാത്തിരുന്ന് കാണണം. വി.എം സുധീരൻ കെ. പി .സി. സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജി വച്ച് ഒഴിയേണ്ടി വന്നത് ഗ്രൂപ്പുകളുടെ സമ്മർദ്ദം കൊണ്ടാണെന്നും ലതിക പ്രതികരിച്ചു.

ഇപ്പോൾ കോൺഗ്രസിലില്ലാത്ത ലതികാസുഭാഷ് എൻ.സി.പിയിൽ ചേരുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

Advertisement
Advertisement