പിണറായി സർക്കാർ അഴിമതി സർക്കാർ തന്നെ; തോൽവിയുടെ ഉത്തരവാദിത്തം ഏ‌റ്റെടുക്കുന്നുവെന്ന് ചെന്നിത്തല

Monday 24 May 2021 6:17 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വൻ തോൽവിയുടെ ഉത്തരവാദിത്തം ഏ‌റ്റെടുക്കുന്നതായി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയ്‌ക്കകത്തും പുറത്തുമുള‌ള തന്റെ നിലപാടുകൾ ജനം വിലയിരുത്തട്ടെയെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഓരോ പരാജയവും ഓരോ പുതിയ പാഠങ്ങളാണ്. തെ‌റ്റ് തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. പ്രതിസന്ധി സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച് നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനെയും മുന്നണിയെയും തിരികെ കൊണ്ടുവരാൻ മുന്നിലുണ്ടാകും.

പ്രതിപക്ഷ നേതാവെന്ന നിലയിൽ താനുന്നയിച്ച ശക്തമായ ആരോപണങ്ങളുടെ പേരിൽ സർക്കാരിന് തീരുമാനങ്ങൾ തിരുത്തുകയും പിന്നാക്കം പോകുകയും ചെയ്യേണ്ടി വന്നു. ഇക്കാര്യങ്ങൾ എത്രമാത്രം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞെന്ന് പരിശോധിക്കണമെന്നും സർക്കാരിന്റെ അഴിമതിയും കൊള‌ളരുതായ്‌മയും തുറന്നുകാട്ടാൻ തനിക്ക് സാധിച്ചു എന്നാണ് വിശ്വാസമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് മാത്രം അഴിമതികൾ ഇല്ലാതാകില്ല. പിണറായി സർക്കാർ അഴിമതി സർക്കാർ ആണ് എന്ന നിലപാടിൽ മാ‌റ്റമില്ല. പ്രളയവും നിപ്പയും ഓഖിയും വന്നപ്പോൾ സർക്കാർ നൽകിയ ആവുകൂല്യങ്ങൾ വോട്ടായി മാറിയോ എന്ന് പരിശോധിക്കണമെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ 55 ശതമാനം സീ‌റ്റും യുവാക്കൾക്ക് നൽകിയിട്ടും വിജയിച്ചത് മൂന്നുപേർ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായി 35 വർഷത്തോളമായി അനുജനെ പോലെയുള‌ള ആത്മബന്ധമാണെന്നും 2001 മുതലുള‌ള നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രവർത്തനം പ്രതിപക്ഷ നേതാവെന്ന നിലയ്‌ക്ക് മുതൽകൂട്ടാകുമെന്നും യോഗത്തിൽ ചെന്നിത്തല പറഞ്ഞു.

Advertisement
Advertisement