ലോക്ക്ഡൗണിൽ ഇളവ് വേണമെന്ന് വ്യാപാരികൾ

Tuesday 25 May 2021 12:00 AM IST

കോഴിക്കോട് : സംസ്ഥാനത്ത് 30 വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മൂന്നാഴ്ചയിലധികമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന വ്യാപാരി സമൂഹം കടുത്ത പ്രതിസന്ധിയിലാണെന്നും ലോക്ക്ഡൗണിൽ ഇളവ് അനുവദിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അവശ്യ സർവീസിന് പുറമേ മറ്റ് വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണം. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗമായ വ്യാപാരികളെ കൊവിഡ് വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങളുടെ ലോക്ക്ഡൗൺ കാലത്തെ വാടക ഒഴിവാക്കിയതുപോലെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളുടെയും കടമുറികളുടെയും ഒരു മാസത്തെ വാടക ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണം. വിവിധ ലൈസൻസുകൾ പുതുക്കുന്നതിന് പിഴയില്ലാതെ ആറ് മാസത്തെ കാലാവധി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.

Advertisement
Advertisement