ജനസംഖ്യയിൽ ഒന്നാമത് വാക്സിനേഷനിൽ ആറാമത്

Tuesday 25 May 2021 12:01 AM IST

മലപ്പുറം: കൊവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ നാല് ജില്ലകളിൽ ഏറ്റവും കുറവ് വാക്‌സിൻ നൽകിയത് മലപ്പുറത്ത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപനം കൈവിട്ടതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇതിൽ മലപ്പുറം ഒഴികെയുള്ള ജില്ലകളെ ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 4,000ത്തിൽ നിന്ന് താഴാതെ നിൽക്കുകയും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണെന്നതുമാണ് മലപ്പുറത്ത് നിയന്ത്രണങ്ങൾ നിലനിറുത്താൻ കാരണം. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ വാക്‌സിനേഷനിൽ ഏറ്റവും പിന്നിൽ മലപ്പുറമാണ്. തിരുവനന്തപുരത്ത് 1,015,600, എറണാകുളം - 9,68,670, തൃശൂർ - 7,93,883 പേർക്ക് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. മലപ്പുറത്ത് 6,62,004 പേർക്ക് മാത്രമാണ് വാക്‌സിൻ കിട്ടിയത്. ഇതിൽ 5,33,906 പേർക്ക് ഒന്നാം ഡോസും 1,28,098 പേർക്ക് രണ്ടാം ഡോസുമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല വാക്‌സിൻ ലഭിച്ചവരുടെ എണ്ണത്തിൽ ആറാംസ്ഥാനത്താണ്. കൊല്ലം - 6,74,727, കോഴിക്കോട് - 7,53,654 പേർക്കും വാക്‌സിൻ ലഭിച്ചു.

നാല് ദിവസം മുമ്പ് 7,000 ഡോസ് വാക്‌സിനാണ് ജില്ലയ്ക്ക് ലഭിച്ചത്. ഇത് പരമാവധി ഇന്നും നാളെയും ഉപയോഗിക്കാൻ മാത്രമേ ഉണ്ടാവൂ. ഈ ആഴ്ച്ച വാക്‌സിൻ വരുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ആരോഗ്യ വകുപ്പ്.

ലഭ്യതക്കുറവ് തടസം

വാക്‌സിന്റെ ലഭ്യതക്കുറവാണ് ജില്ലയിൽ വാക്‌സിനേഷൻ ഇഴഞ്ഞു നീങ്ങാൻ കാരണം. വെള്ളിയാഴ്ച 7,000 ഡോസ് ലഭിച്ചതോടെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൂടുതൽ പേർക്ക് വാക്‌സിൻ നൽകാനായി. ഇന്നലെ 3,939 പേർക്കാണ് വാക്‌സിൻ നൽകിയത്. ഒരാഴ്ച്ചയ്ക്കിടെ ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത് ഇന്നലെയാണ്. 117 വാക്‌സിനേഷൻ സെന്ററുകളിൽ 54ഉം പ്രവർത്തിച്ചു.
അതേസമയം ഇന്ന് 26 വാക്‌സിനേഷൻ സെന്ററുകൾ മാത്രമാണ് പ്രവർത്തിക്കുക. ഇതിൽ മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിനേഷൻ ലഭിക്കുക. 200 പേർക്ക്. ചുങ്കത്തറ സി.എച്ച്.സിയിൽ 150 പേർക്ക് അവസരം ലഭിക്കുന്നത് ഒഴിച്ചു നിറുത്തിയാൽ മിക്ക സെന്ററുകളിലും 50ൽ താഴെ പേർക്ക് മാത്രമാണ് വാക്‌സിൻ നൽകുക. വാക്സിനുകളുടെ കുറവാണ് ഇതിന് കാരണം.

പൂട്ടിട്ട ഇടങ്ങളിലിങ്ങനെ

ട്രിപ്പിൽ പൂട്ടിട്ടിരുന്ന തൃശൂരിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത്. 9,543 പേർക്ക്. എറണാകുളത്ത് 5,916 പേർക്കും തിരുവനന്തപുരത്ത് 3,493 പേർക്കും വാക്‌സിൻ നൽകി. മലപ്പുറത്തിത് 3,940 ആണ്.

ഈ ആഴ്ച്ച കൂടുതൽ ഡോസ് വാക്സിൻഎത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ ലഭിച്ച വാക്സിനുകളെല്ലാം കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്.

ഡോ. രാജേഷ്, വാകിസേനേഷൻ നോഡൽ ഓഫീസർ

Advertisement
Advertisement