ചെല്ലാനത്തെ പഠിക്കാൻ കുഫോസ് എത്തും

Tuesday 25 May 2021 1:02 AM IST

കൊച്ചി: ചെല്ലാനത്തിന്റെ നൊമ്പരത്തിന് പരിഹാരം കാണാനൊരുങ്ങി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല. മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ചെല്ലാനം തീരദേശഗ്രാമത്തെ ഏറ്റെടുക്കാൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകിയതോടെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ചെല്ലാനത്തെ പ്രകൃതിക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശ്വാശതമായ പരിഹാരം കാണാനായി ബൃഹത്തായ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കുഫോസാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള നോഡൽ ഏജൻസി.


പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ പ്രാഥമികഘട്ടത്തിൽ ചെല്ലാനത്തെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. നിലവിൽ തീരം നേരിട്ടുകൊണ്ടിരിക്കുന്ന കടൽക്ഷോഭവും കടൽഭിത്തിയുടെ അഭാവവും കടൽകയറ്റവും പരിഹരിക്കാനുതകുന്ന പദ്ധതി റിപ്പോർട്ട് സമർപ്പിക്കുകയാണ് കുഫോസ് ലക്ഷ്യമിടുന്നത്. വിദഗ്ദ്ധർ ഉൾപ്പെട്ട കമ്മിറ്റിക്ക് കുഫോസ് എക്‌സ്റ്റെൻഷൻ ഡയറക്ടർ ഡോ. ഡെയ്‌സി സി. കാപ്പൻ നേതൃത്വം വഹിക്കും.
ചെല്ലാനത്തെ ജനപ്രതിനിധികളുമായും നാട്ടുകാരുമായും ചർച്ച നടത്തിയ ശേഷമാവും റിപ്പോർട്ട് തയ്യറാക്കുക. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കുഫോസ് രജിസ്ട്രാർ ഡോ. ബി. മനോജ് കുമാർ പറഞ്ഞു.
ചെല്ലാനത്ത് മൺസൂൺ കാലത്തിന് മുന്നോടിയായി അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾ ഇതോടൊപ്പം സർക്കാർ നിലവിൽ പൂത്തിിയാക്കിയിട്ടില്ല. അതിനാൽ ഉടനെ താത്കാലിക പരിഹാരമാർഗമാവും കുഫോസ് സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ടാവുക.

മത്സ്യഗ്രാമങ്ങളെ
വികസിപ്പിച്ച് കുഫോസ്

ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി അഴീക്കൽ ഗ്രാമത്തെ മുമ്പ് കുഫോസ് ദത്തെടുത്തിരുന്നു. സ്ത്രീശാക്തീകരണ പ്രവർത്തങ്ങളിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കുഫോസ് തീരദേശമേഖലയിൽ നപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ദത്തെടുത്തത്. പദ്ധതിപ്രകാരം അഴീക്കൽ ഗ്രാമത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനമടക്കം സമഗ്രവികസന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

Advertisement
Advertisement