പാലാരിവട്ടം പാലം അഴിമതി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ്

Tuesday 25 May 2021 12:13 AM IST

കൊച്ചി: പാലാരിവട്ടം ഫ്ലൈഓവർ അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ് ഗവർണറെയും കേന്ദ്ര - സംസ്ഥാന സർക്കാരുകളെയും സമീപിച്ചു. സംഭവം നടക്കുമ്പോൾ മന്ത്രിയായിരുന്നതിനാൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യമുണ്ട്. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം നൽകും.

ഗൂഢാലോചന, അഴിമതി, പദവി ദുരുപയോഗം ചെയ്യൽ, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകളാകും ചുമത്തുക. ഇബ്രാഹിംകുഞ്ഞിന് പുറമേ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരടക്കം 13 പേരാണ് പ്രതികൾ. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ യൂണിറ്റിലെ ഡിവൈ.എസ്.പി. ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തേ വിജിലൻസ് അറസ്റ്റു ചെയ്തിരുന്നു.

പാലാരിവട്ടം ഫ്ലൈഓവ‌ർ നിർമ്മാണക്കമ്പനിയായ ആർ.ഡി.എസിനു ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ഫ്ലൈഓവറിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനി മാനേജിംഗ് ഡയറക്ടർ സുമിത് ഗോയൽ ഒന്നാം പ്രതിയും റോഡ്സ് ആൻഡ് ബ്രി​ഡ്ജസ് കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി. തങ്കച്ചൻ രണ്ടാം പ്രതിയുമാണ്.

Advertisement
Advertisement