തോൽവിയുടെ ഉത്തരവാദിത്വമേൽക്കുന്നു, മറ്റ് കാര്യങ്ങൾ വിലയിരുത്തപ്പെടണം: ചെന്നിത്തല

Tuesday 25 May 2021 12:14 AM IST

തിരുവനന്തപുരം: കോൺഗ്രസിനെയും യു.ഡി.എഫിനെയും തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ മുന്നിലുണ്ടാകുമെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ചേർന്ന നിയമസഭാകക്ഷിയോഗത്തിലാണ് ചെന്നിത്തല വൈകാരികമായി സംസാരിച്ചത്. താനെവിടെ നിൽക്കുന്നുവെന്ന് ബോദ്ധ്യമായെന്നും പ്രതിസന്ധിഘട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടിയെയും മുന്നണിയെയും തിരിച്ചുകൊണ്ടുവരണമെന്ന് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി.

ഓരോ പരാജയവും പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷനേതാവെന്ന നിലയിൽ സർക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മയും തുറന്നുകാട്ടാനായി. പ്രതിപക്ഷം കൊണ്ടുവന്ന പല ആരോപണങ്ങളും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്കൊടുവിൽ സർക്കാരിന് തിരുത്തേണ്ടിവന്നു. അവ എത്രമാത്രം ജനങ്ങളിലെത്തിക്കാനായിയെന്നത് പരിശോധിക്കണം.

പിണറായി സർക്കാർ അഴിമതി സർക്കാരാണെന്ന കാര്യത്തിൽ മാറ്റമില്ല. തിരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് ചെയ്ത അഴിമതി ഇല്ലാതാകുന്നില്ല. കൊവിഡ് മഹാമാരിയും പ്രളയവും ഓഖിയും നിപയുമുണ്ടായപ്പോൾ സർക്കാർ നൽകിയ ആനുകൂല്യങ്ങൾ വോട്ടായി മാറിയോയെന്ന് മുന്നണിയും കോൺഗ്രസും പരിശോധിക്കണം. നിയമസഭയ്ക്കകത്തെയും പുറത്തെയും ആക്രമണോത്സുകമായ തന്റെ നിലപാടുകളെയും ഉന്നയിച്ച ആരോപണങ്ങളെയും ജനം വിലയിരുത്തട്ടെ.

55 ശതമാനം യുവാക്കൾക്ക് സീറ്റ് നൽകിയിട്ട് മൂന്നു പേരാണ് ജയിച്ചതെന്നതും വിലയിരുത്തപ്പെടണം. 2001 മുതൽ സഭയ്ക്കകത്ത് വി.ഡി. സതീശൻ പുലർത്തിയ മികവാർന്ന പ്രവർത്തനം പ്രതിപക്ഷനേതാവെന്ന നിലയിൽ മുതൽക്കൂട്ടാവും. 35 വർഷത്തോളം സ്വന്തം അനുജനായി ഏറെ ആത്മബന്ധമുള്ള സതീശന് ഈ പദവിയിൽ ശോഭിക്കാനാകും. പ്രതിപക്ഷനേതാവായിരിക്കെ തനിക്കൊപ്പമുണ്ടായിരുന്നവരുടെ പിന്തുണയ്ക്ക് നന്ദിയും പുതിയ അംഗങ്ങൾക്ക് ആശംസയും ചെന്നിത്തല നേർന്നു. കോൺഗ്രസ് നിയമസഭാകക്ഷി ഭാരവാഹികളെ നിശ്ചയിക്കാനുള്ള തീരുമാനം മുതിർന്ന നേതാക്കൾക്ക് വിട്ടാണ് യോഗം പിരിഞ്ഞത്.

 ചെന്നിത്തലയുടെ വീട്ടിൽ പ്രാതൽ

മുറിവേറ്റ മനസുമായി നിന്ന രമേശ് ചെന്നിത്തലയെ ആശ്വസിപ്പിക്കാൻ വി.ഡി. സതീശൻ ഇന്നലെ നേരിട്ടെത്തി. നിയമസഭയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് രാവിലെ 7.45നാണ് വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ചെന്നിത്തലയുടെ വീട്ടിൽ സതീശനെത്തിയത്. അവിടെ ആലുവ എം.എൽ.എ അൻവർ സാദത്തുമുണ്ടായിരുന്നു. മൂവരും ഒരുമിച്ച് പ്രാതൽ കഴിച്ചശേഷം ഒരുമിച്ചാണ് സഭയിലേക്ക് തിരിച്ചതും.

കഴിഞ്ഞ ദിവസം സതീശൻ തലസ്ഥാനത്തെത്തിയെങ്കിലും രമേശ് ഹരിപ്പാട്ടായതിനാൽ കാണാനായില്ല. ഇരുവരും വിഷമങ്ങൾ സംസാരിച്ചുതീർത്തു. അർഹതപ്പെട്ട സ്ഥാനങ്ങൾ നിഷേധിച്ചപ്പോഴും ആത്മാർത്ഥതയോടെ പ്രവർത്തിച്ച നേതാവായിരുന്നു സതീശനെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ചെന്നിത്തല പ്രതികരിച്ചു.

Advertisement
Advertisement