കർഷകന്റെ വരുമാനത്തിൽ 50% വർദ്ധന ലക്ഷ്യം: പി.പ്രസാദ്

Tuesday 25 May 2021 12:14 AM IST

തിരുവനന്തപുരം: കൃഷിക്കാർക്ക് കിട്ടുന്ന വരുമാനത്തിന്റെ 50 ശതമാനം കൂടി വർദ്ധന ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. അതനുസരിച്ചുള്ള പദ്ധതികളാകും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കുകയെന്ന് മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.


?ഉദ്ദേശിക്കുന്ന പദ്ധതികൾ

=നിലവിലുള്ള പദ്ധതിയുടെ തുടർച്ചയാണ് പ്രധാനം. കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിച്ചു കൊണ്ടു വരണമെങ്കിൽ അവരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കണം. അത് ഉറപ്പ് വരുത്തും. ഉത്പന്നങ്ങൾ ശേഖരിക്കാൻ ആവശ്യമായ നടപടിയുണ്ടാകും. ഓരോ സോണും തിരിച്ചിട്ടുള്ളതിനനുസരണമായി ആധുനിക കാലഘട്ടത്തിനനുസരിച്ച് കൃഷി വ്യാപകമാക്കും.


? കൃഷിയിൽ വർദ്ധനയുണ്ടോ

കൊവിഡ് കാലഘട്ടത്തിൽ പ്രത്യേകിച്ച് കൃഷിയോട് ജനങ്ങൾക്ക് ആഭിമുഖ്യം വർദ്ധിച്ചിട്ടുണ്ട്. വിഷമില്ലാത്ത ഭക്ഷണം വേണം എന്ന താത്പര്യം ഉണ്ടായിട്ടുണ്ട്. എല്ലാ സമ്പത്തിനെക്കാളും വലിയ സമ്പത്ത് ആരോഗ്യമാണ്. അത് നമ്മെ പഠിപ്പിച്ചത് കൊവിഡാണ് .


? കർഷകന് കിട്ടുന്നത് തുച്ഛമായ വിലയാണെന്ന് പരാതിയുണ്ട്

ഉത്പാദകന്റെ ലാഭം ഇടനിലക്കാരൻ തട്ടിയെടുക്കുന്ന സ്ഥിതി മാറണം. അവിടെയാണ് ഹോർട്ടികോർപ്പ് അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രസക്തി. കൂടാതെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും.

?മുഖ്യ അജൻഡ

വയലുകളുടെ സംരക്ഷണം ഉറപ്പുവരുത്തും. ജലം ശേഖരിച്ചു നിറുത്തുന്ന വയലുകൾ സംരക്ഷിക്കപ്പെടേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന്റെ കൂടി ഭാഗമാണ്. അതനുസരിച്ച് നെൽകൃഷി ഇനിയും വർദ്ധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനമാണ് നമ്മുടെ പ്രധാന പ്രതിസന്ധി. ആഗോളതാപനത്തിലൂടെ 729 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.

Advertisement
Advertisement