സി.പി.എം ചിഹ്നത്തിൽ ജയിച്ച മൂന്ന് പേർ ദൈവനാമത്തിൽ

Tuesday 25 May 2021 4:03 AM IST

പ്രതിപക്ഷത്തുനിന്ന് സഗൗരവം കെ.കെ.രമ മാത്രം

തിരുവനന്തപുരം: സി.പി.എം അംഗങ്ങളിൽ ഒരു മന്ത്രി ഉൾപ്പെടെ മൂന്നു പേർ ദൈവനാമത്തിൽ പ്രതിജ്ഞയെടുത്താണ് എം.എൽ.എയായത്. കോതമംഗലത്തു നിന്നു വിജയിച്ച ആന്റണി ജോൺ, അരൂരിലെ അംഗം ദലീമ, ആറന്മുളയിലെ അംഗവും മന്ത്രിയുമായ വീണാ ജോർജ് എന്നിവരാണിവർ. ബാക്കിയുള്ള സി.പി.എം, സി.പി.ഐ പ്രതിനിധികളെല്ലാം സഗൗരവ പ്രതിജ്ഞയാണെടുത്തത്. വീണാ ജോർജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ദൈവനാമത്തിലായിരുന്നു.

സി.പി.എം സ്വതന്ത്രനായ പി.വി. അൻവറും എൻ.സി.പി അംഗം മന്ത്രി എ.കെ.ശശീന്ദ്രനും സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. അതേസമയം പ്രതിപക്ഷനിരയിൽ നിന്ന് സഗൗരവ പ്രതിജ്ഞയെടുത്തത് കെ.കെ. രമ മാത്രം. ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതിൽ 80 പേർ സഗൗരവ പ്രതിജ്ഞയെടുത്തപ്പോൾ, 45 പേർ ദൈവനാമത്തിലും, പതിനൊന്ന് പേർ അള്ളാഹുവിന്റെ പേരിലും പ്രതിജ്ഞ ചെയ്തു.
കോൺഗ്രസ് അംഗങ്ങളെല്ലാം ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തപ്പോൾ, ലീഗിന്റെ പ്രതിനിധികളിൽ ഭൂരിഭാഗവും അള്ളാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. ലീഗ് നേതൃനിരയിലെ. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഡോ: എം.കെ. മുനീർ എന്നിവർ ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.

Advertisement
Advertisement