സ്കൂളില്ലെങ്കിലും പാഠപുസ്തകങ്ങൾ വീട്ടിലെത്തും

Tuesday 25 May 2021 1:21 AM IST

കൊല്ലം: സ്കൂളെന്ന് തുറക്കുമെന്ന് ധാരണയില്ലെങ്കിലും പാഠപുസ്തകങ്ങൾ വലിയൊരു വിഭാഗം വിദ്യാർത്ഥികൾകളുടെ കൈകകളിലെത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 65 ശതമാനം പാഠപുസ്തകങ്ങൾ സ്കൂളുകളിലെത്തിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മുടങ്ങിയ ശേഷിക്കുന്ന പാഠപുസ്തകങ്ങളുടെ വിതരണം ബുധനാഴ്ച പുനരാരംഭിക്കും. ജൂൺ ആദ്യവാരം പുസ്തക വിതരണം പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ.

ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക വിതരണം പൂർത്തിയായി. 6, 7, 8 ക്ലാസുകളിലെ പുസ്തകങ്ങൾ പകുതി സ്കൂളുകളിൽ എത്തിച്ചു. 9, 10 ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ബുധനാഴ്ച തുടങ്ങും. ഇത്തവണ ആദ്യമായാണ് പാഠപുസ്തകങ്ങളുടെ വേർതിരിക്കലും വിതരണവും കുടുംബശ്രീയെ ഏൽപ്പിച്ചത്.

നേരത്തെ കളക്ടറേറ്റിന് എതിർവശത്തെ ടെസ്റ്റ് ഡിപ്പോ കേന്ദ്രീകരിച്ചായിരുന്നു വിതരണം. ഇത്തവണ മുളങ്കാടകം ഗവ. സ്കൂളാണ് ടെസ്റ്റ് ബുക്ക് ഹബ്. കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റി അച്ചടിച്ച് ഇവിടെ എത്തിക്കുന്ന പുസ്തകങ്ങൾ കുടുംബശ്രീ പ്രവർത്തകർ വേർതിരിച്ച് ഉപജില്ലാ തലത്തിൽ എത്തുന്ന വാഹനങ്ങളിൽ കയറ്റിവിടും. വാഹനം ഓരോ സ്കൂളിലെത്തുമ്പോഴും അവിടെ പുസ്തകം ഇറക്കാനായി കുടുംബശ്രീ പ്രവർത്തകർ കാത്തുനിൽക്കും.

പുസ്തക വിതരണം

കുടുംബശ്രീ പ്രവർത്തകർ: 17

സൂപ്പർ വൈസർമാരുടെ ശമ്പളം: 900 (ദിവസം)

മറ്റുള്ളവർക്ക്: 750 രൂപ

ആകെ കൊടുത്ത പുസ്തകങ്ങൾ: 10,22,851

''

കഴിഞ്ഞ തവണ പുസ്തകങ്ങൾ വേർതിരിക്കുന്ന ചുമതലയായിരുന്നു കുടുംബശ്രീക്ക്. ഇത് ഭംഗിയായി പൂർത്തിയാക്കിയതിനാലാണ് വിതരണ ചുമതല നൽകിയത്.

വി.ആർ. അജു, ജില്ല അസി. കോ- ഓർഡിനേറ്റർ, കുടുംബശ്രീ

Advertisement
Advertisement