കൊവിഡിലും തളരാതെ എഫ്.ഡി.ഐ,​ നേരിട്ടുള്ള വിദേശ നിക്ഷേപം 19% ഉയർന്നു

Tuesday 25 May 2021 3:22 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 19 ശതമാനം വർദ്ധിച്ച് 5,964 കോടി ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളിൽ എഫ്.ഡി.ഐ പരിധി ഉയർത്തുന്നത് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളും ബിസിനസ് സൗഹൃദ നടപടികളുമാണ് (ഈസ് ഒഫ് ഡൂയിംഗ്) നേട്ടമായതെന്ന് മന്ത്രാലയം അവകാശപ്പെട്ടു. 4,998 കോടി ഡോളറാണ് 2019-20ൽ ലഭിച്ചത്.

ഇക്വിറ്റി നിക്ഷേപം, നേട്ടത്തിൽ നിന്നുള്ള പുനർനിക്ഷേപം തുടങ്ങിയവ കൂടിച്ചേരുമ്പോൾ കഴിഞ്ഞവർഷത്തെ മൊത്തം എഫ്.ഡി.ഐ 10 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയരമായ 8,172 കോടി ഡോളറിൽ എത്തിയിട്ടുണ്ട്. 2019-20ൽ നിക്ഷേപം 7,439 കോടി ഡോളറായിരുന്നു. മൊത്തം എഫ്.ഡി.ഐയിൽ 29 ശതമാനം പങ്കുമായി സിംഗപ്പൂർ ആണ് ഒന്നാമത്. അമേരിക്ക (23 ശതമാനം), മൗറീഷ്യസ് (ഒമ്പത് ശതമാനം) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

മൊത്തം നിക്ഷേപത്തിൽ 44 ശതമാനവും സ്വന്തമാക്കിയത് കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് സോഫ്‌റ്റ്‌വെയർ മേഖലയാണ്. നിർമ്മാണ മേഖല 13 ശതമാനവും സേവനമേഖല എട്ട് ശതമാനവും നിക്ഷേപം നേടി. ഏറ്റവുമധികം നിക്ഷേപമൊഴുകിയത് ഗുജറാത്തിലേക്കാണ്; 37 ശതമാനം. 27 ശതമാനവുമായി മഹാരാഷ്‌ട്ര രണ്ടാമതും 13 ശതമാനവുമായി കർണാടക മൂന്നാമതുമാണ്.

Advertisement
Advertisement