സംസ്ഥാനത്ത് ബ്ളാക് ഫംഗസ് രോഗം പിടിമുറുക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളേജിൽ അസുഖബാധിതർക്ക് നൽകാൻ മരുന്നില്ല

Tuesday 25 May 2021 1:33 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം കൂടുന്നു. ഇതുവരെ 44 പേർ ചികിത്സ തേടി. ഇതിൽ ഇരുപതുപേ‌‌ർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ ഇവരിൽ മലപ്പുറം, വയനാട്, കാസർകോട് ജില്ലക്കാരുമുണ്ടെന്നാണ് വിവരം. ബ്ളാക്ക് ഫംഗസ് രോഗികളെ ചികിത്സിയ്‌ക്കാൻ പ്രത്യേക വാർഡ് തന്നെ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച മാത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാളെ കൊവിഡ് വാർഡിൽ നിന്ന് രോഗം സ്ഥിരീകരിച്ച് ഇ.എൻ.ടി വിഭാഗത്തിലേക്ക് മാ‌റ്റി.

നിലവിൽ കൊവിഡ് ബാധിതരെയും ബ്ളാക്ക് ഫംഗസ് ബാധിച്ചവരെയും കിടത്താൻ പ്രത്യേക വാർഡ് സജ്ജമാണ് മെഡിക്കൽ കോളേജിൽ. എന്നാൽ ബ്ളാക്ക് ഫംഗസ് രോഗത്തിന് ചികിത്സയ്‌ക്കായുള‌ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമമുണ്ട്. മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ മരുന്ന് ക്ഷാമം ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

നിലവിൽ ഇ.എൻ.ടി വാർഡിൽ അധികം പ്രശ്‌നമില്ലാത്തതുകൊണ്ട് രോഗികളെ അവിടെ കിടത്താനാകും. എന്നാൽ രോഗികൾ ഇനിയും കൂടിയാൽ പ്രത്യേക ഹെൽപ് ഡെസ്‌ക് തന്നെ തുടങ്ങേണ്ടി വരുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.

സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് രോഗികൾ പെരുകിയതോടെ കേന്ദ്രവും കൈമലർത്തി. വൃക്കരോഗമുള‌ളവർക്ക് ഒരു ദിവസം വേണ്ടിവരുന്നത് ആറ് വയൽ മരുന്നാണ്. ഇത് മരുന്നുകടകളിൽ വാങ്ങാനാകാത്തതിനാൽ പുറത്തുനിന്നും എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. വൃക്കരോഗമുള‌ള ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്ന് മെഡിക്കൽ കോളേജിൽ പൂർണമായും തീർന്നു. തൂത്തുക്കുടിയിൽ നിന്നുള‌ള കോഴിക്കോട് സ്വദേശികളും ഡൽഹിയിൽ നിന്നുവന്ന കാസർകോട് സ്വദേശികളുമാണ് കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടി പ്രവേശിപ്പിക്കപ്പെട്ടത്.

Advertisement
Advertisement