തൊഴിലാളികളെ കിട്ടാനില്ല; കൂർക്ക കൃഷി പ്രതിസന്ധിയിൽ

Wednesday 26 May 2021 12:00 AM IST

പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്നുള്ള തൊഴിലാളി ക്ഷാമം മൂലം കൂർക്ക കൃഷി പ്രതിസന്ധിയിൽ. കർഷകർ വിഷു കഴിഞ്ഞതും വിത്ത് പാകിയിരുന്നു. നിലവിൽ ഇവ മുളച്ച് ചെടികളായെങ്കിലും ലോക്ക് ഡൗണായതോടെ തുടർ പ്രവൃത്തി ചെയ്യാൻ തൊഴിലാളികളെ കിട്ടാതെ കർഷകർ വലയുകയാണ്.

പാടങ്ങളിൽ ഏരിയെടുത്ത് കൂർക്ക തലപ്പ് പാകേണ്ട സമയമാണിപ്പോൾ. ഏക്കർ കണക്കിന് കൃഷി ചെയ്യുന്ന കർഷകർ തൊഴിലാളികളെ ലഭ്യമാകാത്തതിനാൽ പണി തുടങ്ങാനാവാത്ത അവസ്ഥയിലാണ്. നിലവിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ കൂർക്ക കൃഷിക്ക് അനുയോജ്യമാണ്. വിത്ത് പാകിയ സമയത്ത് നല്ല മഴ ലഭിച്ചതിനാൽ ഉണക്കുഭീഷണി ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. മേയ് അവസാനം മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് തലപ്പ് നുള്ളി നടുക. ലോക്ക് ഡൗൺ പിൻവലിച്ചാൽ അടുത്ത ആഴ്ചയെങ്കിലും പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

കൃഷി രീതി

ഒരേക്കറിൽ കൃഷിയിറക്കാൻ രണ്ടര സെന്റിൽ വിത്ത് പാകി ഒരു മാസം കഴിഞ്ഞ് തലപ്പ് മുറിക്കാം.

തലപ്പ് 30 സെന്റീമീറ്റർ അകലത്തിൽ ഏരികളിൽ നടണം. ഇടയ്ക്ക് കളയെടുക്കണം.

അടി വളമായി സെന്റിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കിലോ സൂപ്പർ ഫോസ്‌ഫേറ്റ്, 335ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം.

ആറാഴ്ച കഴിഞ്ഞ് ഇതേ അളവിൽ യൂറിയയും പൊട്ടാഷും മേൽവളമായി നൽകാം. ഒപ്പം മണ്ണിളക്കണം.

കൂർക്കയ്ക്ക് സാധാരണ കീടശല്യമുണ്ടാകില്ല. അഞ്ചുമാസം കൊണ്ട് വിളവെടുക്കാം.

തൊഴിലാളികളെ കിട്ടിയാലേ തൈ നുള്ളി നടാനാകൂ. രണ്ടേക്കർ കൃഷിക്കുള്ള വിത്താണ് മുളപ്പിച്ചത്. തൈകളെല്ലാം നന്നായി മുളച്ചു. ഹിറ്റാച്ചി ഉപയോഗിച്ച് ഏരിയെടുത്തു. ലോക്ക് ഡൗൺ പിൻവലിച്ച് തൊഴിലാളികളെ ലഭിച്ചാൽ ജൂൺ ആദ്യമെങ്കിലും തൈ നടാമെന്നാണ് പ്രതീക്ഷ.

-വിനു, കർഷകർ, എരിമയൂർ.

Advertisement
Advertisement