മുനമ്പം, വൈപ്പിൻ ഹാർബറുകൾ ഇന്ന് തുറക്കില്ല

Wednesday 26 May 2021 12:43 AM IST

വൈപ്പിൻ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ അടച്ചു പൂട്ടിയ മുനമ്പം മാതൃക ഹാർബർ, മിനി ഹാർബർ, വൈപ്പിൻ ഹാർബർ, മുരിക്കുംപാടം ഹാർബർ എന്നിവ ഇന്ന് മുതൽ തുറക്കുമെന്ന പ്രചരണത്തിന് തടയിട്ട് ദുരന്ത നിവാരണ ജില്ലാ തല കമ്മിറ്റി ചെയർമാനുകൂടിയായ ജില്ലാ കളക്ടർ. ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുൻപ് ഹാർബറുകൾ തുറക്കാൻ പാടില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ പ്രാദേശിക സമിതികൾക്ക് അധികാരമില്ലെന്നും കളക്ടർ വ്യക്തമാക്കി.

ബോട്ടുടമ സംഘം, തരകൻമാർ, കച്ചവടക്കാർ, തൊഴിലാളികൾ എന്നിവരുടെ പ്രതിനിധികൾ തിങ്കളാഴ്ച്ച യോഗം ചേർന്നാണ് ബോട്ടുകൾക്ക് കടലിൽ പോകാമെന്നും മുനമ്പം ഹാർബറുകൾ ബുധാനാഴ്ച മുതൽ തുറക്കാമെന്നും തീരുമാനമേടുത്തത്. ബോട്ടുകൾ പുറപ്പെടുന്നതിനും ഹാർബറിൽ അടുക്കുന്നതിനും ടോക്കൺ ഏർപ്പെടുത്താമെന്നും ഇവർ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് ജില്ലാ കളക്ടർ ഇടപെട്ട് തടഞ്ഞിരിക്കുന്നത്. തീരുമാനമനുസരിച്ച് രണ്ട് ദിവസമായി മുനമ്പത്ത് നിന്ന് ബോട്ടുകൾ കടലിൽ പോയിട്ടുണ്ട്. ചില ബോട്ടുകൾ ഇന്നലെ ചരക്കുമായി തിരിച്ചെത്തിയിട്ടുമുണ്ട്. മറ്റ് ചിലത് ഇന്ന് തിരിച്ചെത്തും. ഈ ബോട്ടുകളിലെ ചരക്കുകൾ എങ്ങനെ വിപണനം നടത്തുമെന്ന ആശങ്കയിലാണ് ബോട്ടുടമകൾ.

മുനമ്പത്തെ ബോട്ടുകൾ കടലിൽ പോയതറിഞ്ഞ് വൈപ്പിൻ, മുരിക്കുംപാടം മേഖലയിലെ ബോട്ടുടമകളുടെ സമ്മർദ്ദപ്രകാരം ഇന്നലെ വൈകീട്ട് എളങ്കുന്നപ്പുഴ പഞ്ചായത്തിൽ വിവിധ കക്ഷികളും സംഘടനകളുടെയും യോഗം പ്രസിഡന്റ് വിളിച്ചുകൂട്ടി. മുനമ്പത്ത് നിന്ന് ബോട്ടുകൾ കടലിൽ പോകുന്ന സാഹചര്യത്തിൽ വൈപ്പിൻ, മുരിക്കുംപാടം ഹാർബറുകൾ തുറക്കാമെന്ന് ഇവിടെ നിന്നുള്ള ബോട്ടുകൾക്ക് കടലിൽ പോകാമെന്നും പ്രസിഡന്റ് അറിയിച്ചു. ഈ നിർദേശത്തെ യോഗത്തിൽ ഹാജരായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എതിർത്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തുവാൻ ജില്ലാ കളക്ടർക്ക് മാത്രമേ അധികാരമൊള്ളൂയെന്നും പഞ്ചായത്ത് തല യോഗങ്ങൾക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ചർച്ച ബഹളത്തിൽ കലാശിക്കുകയും തീരുമാനമെടുക്കാതെ യോഗം പിരിയുകയും ചെയ്തു.

Advertisement
Advertisement