അർത്ഥപൂർണമീ 'ആടുജീവിതം', നജീബിന്റെ മകൾ വിവാഹിതയായി

Sunday 03 March 2019 4:51 PM IST

ആലപ്പുഴ: നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ് എന്ന മുഖവുരയോടെ മലയാളത്തിലേക്ക് കടന്നു വന്ന ബെന്യാമിന്റ ആടുജിവിതം എന്ന നോവൽ മലയാളികൾ ഒരിക്കലും മറക്കില്ല. ആലപ്പുഴ സ്വദേശി നജീബായിരുന്നു ആടുജീവിതത്തിലെ നായകൻ. കഥയ്ക്കപ്പുറം ഇപ്പോൾ നജീബിന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ദിവസമാണ്.

ഒരു പിതാവ് എന്ന നിലയിൽ മകളെ സുരക്ഷിതമായ കൈകളിലേൽപ്പിച്ചിരിക്കുകയാണ് നജീബ്. മകളുടെ വിവാഹത്തിന് തന്റെ ജീവിതം അക്ഷരങ്ങളിലൂടെ ലോകം മുഴുവൻ വരച്ചുകാട്ടിയ എഴുത്തുകാരനും എത്തിയിരുന്നു. വിവാഹത്തിനെത്തിയ ബെന്യാമിൻ തന്നെയായിരുന്നു ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

പ്രവാസ ജീവിതത്തിൽ നജീബിന് അനുഭവിക്കേണ്ടി വന്ന യാതനകളെ മലയാളികൾ കണ്ണീരോടെയാണ് മലയാളികൾ വായിച്ചത്. അവിശ്വസനീയമായ മുഹൂർത്തങ്ങളിലൂടെ മനസിനെ നോവിച്ച ഒരു വിങ്ങലായി മാറിയ നജീബിന്റെ മുഖം ആരും മറന്നിട്ടുണ്ടാവില്ല.

സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് പ്രവാസ ജീവിതം നയിക്കേണ്ടി വരികയും. അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ എത്തിച്ചേർന്ന നജീബിന് ജീവിതത്തിൽ തന്നെ മരണതുല്യമായ യാതനകൾ അനുഭവിക്കേണ്ടി വന്നിരുന്നു. ഈ നരകതുല്യമായ ജീവിതമാണ് പിന്നീട് ബെന്യാമിനിലൂടെ ആടുജീവിതമായി മാറിയത്.


ജീവിതവും കടന്ന് കഥയായി മാറിയ നജീബിന്റെ ജീവിതം ഇപ്പോൾ വെള്ളിത്തിരയിലെത്തുകയാണ്. സംവിധായകൻ ബ്ലെസിയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത്. പൃഥ്വിരാജാണ് വെള്ളിത്തിരയിൽ നജീബായി വെള്ളിത്തിരയിലെത്തുന്നത്.