പേനവച്ചാലും ഓക്‌സിജന്റെ അളവും പൾസും റെഡി

Wednesday 26 May 2021 12:25 AM IST

തിരുവനന്തപുരം: ഓക്‌സിജന്റെ അളവ് നിർണയിക്കുന്നതിനുള്ള പൾസ് ഓക്‌സിമീറ്ററുകളിൽ വ്യാജന്മാർ പെരുകുന്നു. കൊവിഡ് വ്യാപനം ശക്തമായതോടെ രൂപപ്പെട്ട ഓക്‌സിമീറ്ററുകളുടെ ആവശ്യകതയും ക്ഷാമവും മുതലെടുത്താണ് വ്യാജന്മാരുടെ രംഗപ്രവേശം.

ഓക്‌സിമീറ്ററിൽ വിരൽവയ്‌ക്കുമ്പോഴാണ് ഓക്‌സിജന്റെ അളവും പൾസ് നിരക്കും കാണിക്കുന്നത്. ഇപ്പോൾ വിപണിയിലുള്ള പലതിലും പേനയോ പെൻസിലോ വച്ചാലും ഓക്‌സിജന്റെ അളവും പൾസ് നിരക്കും കാണിക്കുന്നു. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം വ്യാജ ഓക്‌സിമീറ്ററുകളിൽ കമ്പനി പേരോ വിലയോ കാണില്ല. വിപണിയിൽ സുലഭമായിട്ടുള്ള ഭൂരിഭാഗം ഓക്‌സിമീറ്ററുകൾക്കും ഗ്യാരന്റിയുമില്ല. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ വ്യാജ പൾസ് ഓക്‌സിമീറ്ററുകളുടെ വിപണനം അടിയന്തരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. നടപടി സ്വീകരിച്ചശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ആരോഗ്യസെക്രട്ടറിക്ക് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാനത്ത് പൾസ് ഓക്‌സിമീറ്ററുകൾക്ക് പരമാവധി 1500 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.

Advertisement
Advertisement