എമർജൻസി റസ്‌പോൺസ് ടീം വിപുലമാക്കാൻ കോർപ്പറേഷൻ

Wednesday 26 May 2021 12:02 AM IST

 അംഗങ്ങളുടെ എണ്ണം 25 ആക്കും

കോഴിക്കോട് : ഓരോ വാർഡിലും വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള 25 പേരെ ഉൾപ്പെടുത്തി എമർജൻസി റസ്‌പോൺസ് ടീം വിപുലീകരിക്കാൻ കോർപ്പറേഷൻ. ഇതിനായി മേയർ ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ യുവജന സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു. നിലവിൽ പത്ത് പേരടങ്ങുന്ന എമർജൻസി റസ്പോൺസ് ടീമാണുള്ളത്.

18നും 55നും ഇടയിൽ പ്രായമുള്ള വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവർ, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് പരിശീലനം ലഭിച്ചവർ, വിമുക്ത ഭടന്മാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ടീം രൂപികരിക്കുക.

മുന്നറിയിപ്പ് , രക്ഷാ പ്രവർത്തനം, ഷെൽട്ടർ മാനേജ്‌മെന്റ് , ഫസ്റ്റ് എയ്ഡ് ആൻഡ് ലൈഫ് സപ്പോർട്ട് എന്നീ നാല് വിഭാഗങ്ങളിലായി പരിശീലനം നൽകും. നഗരസഭ തലത്തിൽ പ്രത്യേക ടീം രൂപീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. .

വരാനിരിക്കുന്ന മഴക്കാല വെള്ളക്കെട്ടുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം വിപുലീകരിക്കുന്നത്.
യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഒ.പി.ഷിജിന, നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്‌സൺ കൃഷ്ണകുമാരി, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ്.ജയശ്രീ, വിദ്യാഭ്യാസ – കായിക കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ രേഖ, കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി, വിവിധ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് വസീഫ്.വി, പി.ഷിജിത്ത് ,എ.കെ.സമദ്, ശ്രീജേഷ് ചെലവൂർ, ഷഫീക്ക് അരക്കിണർ, സിറാജ് മൂടാടി, റഹീം ചെറയക്കാട്ട്, റിയാസ് അഹമ്മദ്, സുജിത്ത്.കെ, മുസ്തഫ, ഇംതിയാസ് എസ്.കെ, സർജാസ്.സി, ജലീഷ്.കെ, ഹരിപ്രസാദ് രാജു, ബോഗിഷ്.സി, ലബീബ്.എൻ, അരുൺ.സി.കെ, അഷറഫ്.എം.കെ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement