ആശുപത്രികൾ നിറഞ്ഞു; എവിടെ കിടത്തും രോഗികളെ

Wednesday 26 May 2021 12:04 AM IST

മലപ്പുറം: കൊവിഡ് രോഗികളാൽ ജില്ലയിലെ പ്രധാന ആശുപത്രികളെല്ലാം നിറഞ്ഞ സാഹചര്യത്തിൽ മഴക്കാല രോഗങ്ങൾ കൂടി തലപൊക്കുന്നത് ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് കടുത്ത വെല്ലുവിളിയാവുന്നു. രണ്ടാഴ്ചയായി ശക്തിയാർജ്ജിച്ച വേനൽമഴയും ടൗക് തേ ചുഴലിയുടെ പ്രഭാവത്തിലെ കനത്ത മഴയും മഴക്കാല രോഗങ്ങളുടെ വരവറിയിച്ചിട്ടുണ്ട്. വൈറൽ പനി ബാധിതരുടെ എണ്ണം ജില്ലയിൽ അനുദിനം വർദ്ധിക്കുന്നുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ഒരാഴ്ച്ചയ്ക്കിടെ 4,​000ത്തോളം പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിലെ പ്രധാന സ‌ർക്കാ‌ർ ആശുപത്രികളെല്ലാം കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയതോടെ സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയുമാണ് മിക്കവരും ആശ്രയിക്കുന്നത്. ഇവിടങ്ങളിലെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്റെ കൈവശമില്ല. കൊവിഡ് പരിശോധനയും ക്വാറന്റൈനും ഭയന്ന് സ്വയംചികിത്സ നടത്തുന്നവരുമുണ്ട്. മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ പടർന്ന് പിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നു. മേയിൽ 15 പേരെയാണ് ഡെങ്കി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ ആറ് പേർക്ക് കഴി‍ഞ്ഞ ഒരാഴ്ച്ചക്കിടയിലാണ് രോഗം ബാധിച്ചത്. ഏപ്രിലിൽ 18 പേരും ചികിത്സ തേടി. മഴക്കാലം ശക്തിയാർജ്ജിക്കുന്നതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിക്കുമെന്ന ആശങ്കയുണ്ട്. കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പ് വരുത്താൻ വാർഡ് തലങ്ങളിലെ ആരോഗ്യ ശുചിത്വ സമിതികൾക്ക് നിർദ്ദേശമേകിയിട്ടുണ്ട്.

സൗകര്യങ്ങൾ തീരെ കുറവ്

സംസ്ഥാനത്ത് പ്രതിദിന വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ മുന്നിൽ മലപ്പുറവും തിരുവനന്തപുരവുമാണ്. ഇരുജില്ലകളിലും ശരാശരി 600ന് മുകളിൽ പേർ ഇപ്പോൾ ചികിത്സ തേടുന്നുണ്ട്. മലപ്പുറത്ത് മൺസൂൺ കാലയളവിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കാറുണ്ട്. മേയ് ഇതുവരെ 13,​075 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഏപ്രിലിൽ ഇത് 10,246 പേരായിരുന്നു.
കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ജില്ലയിലെ ആരോഗ്യസൗകര്യങ്ങൾ നീക്കിവച്ചതോടെ കൊവിഡ് ഇതര ചികിത്സയ്ക്കായി സൗകര്യങ്ങൾ തീ‌ർത്തും കുറവാണ്. സർക്കാർ ആശുപത്രികളിൽ 770 ബെഡുകളാണ് കൊവിഡ് ഇതര ചികിത്സയ്ക്ക് മാറ്റിവച്ചിട്ടുള്ളത്. ഇതിൽ 436 ഒഴിവുകളാണ് ഇനിയുള്ളത്. ഏഴ് ഐ.സിയുകളും അഞ്ച് വെന്റിലേറ്ററുകളുമുണ്ട്. സ്വകാര്യ ആശുപത്രികളിലെ 2,176 ബെഡുകളിൽ 605 ഇടത്താണ് ഒഴിവുള്ളത്. 167 ഐ.സി.യുകളിൽ 42 ഒഴിവാണുള്ളത്.

കൊവിഡ് രോഗികളുടെ വർദ്ധനവിനെ തുടർന്ന് മറ്റു അസുഖങ്ങൾ പിടിപെട്ടവരെ പരിചരിക്കുന്നതിന് നിലവിലെ ചികിത്സാ സംവിധാനങ്ങൾ മതിയാവാതെ വരുന്ന സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കുന്നതിന് പരിസര ശുചീകരണം,​ കൊതുകുകളുടെ ഉറവിട നശീകരണം എന്നിവയിൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.

ഡോ.കെ.സക്കീന,​ ജില്ലാ മെഡിക്കൽ ഓഫീസർ.

Advertisement
Advertisement