പ്രതിഷേധങ്ങൾക്ക് ഇടയിലും ഒളിമ്പിക്സുമായി മുന്നോട്ടുപോകാൻ ജപ്പാൻ

Wednesday 26 May 2021 10:17 PM IST

ടോക്കിയോ : കൊവിഡ് കേസുകൾ രാജ്യത്ത് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്സ് നടത്തരുതെന്ന ആവശ്യം ശക്തിപ്രാപിക്കുമ്പോഴും ഒളിമ്പിക്സുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് സർക്കാരും ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിയും.

ടോക്കിയോ ഉൾപ്പടെയുള്ള ജാപ്പനീസ് നഗരങ്ങളിൽ കൊവിഡിന്റെ പുതിയ തരംഗം ശക്തിപ്രാപിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ ടോക്കിയോ ജനത പ്രതിഷേധമുയർത്തിയിരുന്നു. അഭിപ്രായസർവേകളിൽ 80 ശതമാനത്തോളം പേരും ഒളിമ്പിക്സ് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ജപ്പാനിലെ ഡോക്ടർമാരും ഇപ്പോൾ ഒളിമ്പിക്സ് പോലെ പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ച് കായിക മാമാങ്കം നടത്തുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തലാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.രോഗികളുടെ എണ്ണം ഉയർന്നാൽ അത് രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന് താങ്ങാൻ കഴിയില്ലെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

ഒളിമ്പിക്സ് നടത്തിപ്പിൽ സർക്കാരിന്റെ പങ്കാളിയായ പ്രമുഖ ദിനപത്രം അസാഹി ഷിംബുൻ പ്രതിസന്ധി ഘട്ടത്തിൽ ഒളിമ്പിക്സ് നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് കഴിഞ്ഞ ദിവസം മുഖപ്രസംഗമെഴുതിയിരുന്നു. കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒളിമ്പിക്സ് ഒരു വർഷം നീട്ടിയെങ്കിൽ കുറച്ചുനാൾ കൂടി എന്തുകൊണ്ട് നീട്ടിവച്ചുകൂടാ എന്ന് പത്രം ചോദിച്ചിരുന്നു. ഈ ജൂലായ് 23 മുതൽ ആഗസ്റ്റ് എട്ടുവരെ ഒളിമ്പിക്സ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒളിമ്പിക്സ് ടെസ്റ്റ് ഇവന്റ് നടന്ന മത്സരവേദിയിൽ ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇനിയൊരു മാറ്റിയ്ക്കൽ പറ്റില്ലെന്ന നിലപാടിലാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി. വാക്സിനഷന് വിധേയരായ കായിക താരങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഒളിമ്പിക്സ് നടത്താനും കാണികളെ ഒഴിവാക്കാനുമാണ് ഐ.ഒ.സി തീരുമാനിച്ചിരിക്കുന്നത്.

Advertisement
Advertisement