ബ്രഹ്മപുരം പ്ളാന്റിന് രണ്ട് കമ്പനികൾ വൈദ്യുതിയാകുമോ മാലിന്യം?

Thursday 27 May 2021 12:26 AM IST

രണ്ടു കമ്പനികൾ രംഗത്ത്

ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും

അനുയോജ്യമായ കമ്പനിയെ സർക്കാർ തിരഞ്ഞെടുക്കും

കൊച്ചി: പത്തു വർഷമായി ഫയലിൽ ഉറങ്ങുന്ന ബ്രഹ്മപുരത്തെ ആധുനിക പ്ളാന്റിന്റെ നിർമ്മാണത്തിന് വഴി തെളിയുന്നു. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിർദ്ദിഷ്‌ട പ്ലാന്റ് നിർമ്മിക്കുന്നതിനായി രണ്ട് കമ്പനികളെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി )തിരഞ്ഞെടുത്തു. കമ്പനികളുടെ സാങ്കേതികവൈദഗ്‌ദ്ധ്യവും സാമ്പത്തികശേഷിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം തുടർനടപടികൾക്കായി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥൻ പറഞ്ഞു.

വിദേശകമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള രണ്ട് കൺസോർഷ്യമാണ് കഴിഞ്ഞ സെപ്തംബറിൽ നടന്ന ആദ്യ ബിഡിൽ പങ്കെടുത്തത്. സർക്കാർ നിശ്ചയിച്ച വിദഗ്‌ദ്ധസമിതി നടത്തിയ പരിശോധനയിൽ കെ.എസ്.ഐ.ഡി.സി നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ കഴിയാതെ വന്നതിനാൽ ഒരു കൺസോർഷ്യം മത്സരത്തിൽ നിന്ന് പുറത്തായി. നിലവിലുള്ള നിയമം അനുസരിച്ച് കെ.എസ്.ഐ.ഡി.സി കഴിഞ്ഞ ജനുവരിയിൽ വീണ്ടും ടെൻഡർ ക്ഷണിച്ചു. ഇതിൽനിന്നാണ് രണ്ടു കമ്പനികൾക്ക് നറുക്കു വീണത്. അനുയോജ്യമായ കമ്പനിയെ സർക്കാർ തിരഞ്ഞെടുക്കും.

സ്ഥലം പാട്ടത്തിന്

കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കൊല്ലം നഗരങ്ങളിൽ ആധുനിക പ്ലാന്റ് നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ കെ.എസ്.ഐ.ഡി.സിയാണ് ബ്രഹ്മപുരത്തെ പ്ലാന്റിന്റെ നടത്തിപ്പുകാരെ തിരഞ്ഞെടുക്കുന്നത്. കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യപ്ലാന്റിനോട് ചേർന്നുള്ള 20 ഏക്കർ സ്ഥലമാണ് കൺസോർഷ്യത്തിന് വിട്ടുകൊടുക്കുന്നത്. നിർമ്മാണത്തിന് രണ്ട് വർഷവും പ്രവർത്തനത്തിന് 25 വർഷവും ഉൾപ്പെടെ 27 വർഷത്തേക്കാണ് സ്ഥലംനൽകുന്നത്. കനത്തനിക്ഷേപവും കടുത്തവെല്ലുവിളികളുമുള്ള പദ്ധതിയായതിനാൽ പൊതുവേ വിദേശകമ്പനികളുടെ പങ്കാളിത്തമുള്ള കൺസോർഷ്യങ്ങളാണ് പ്ലാന്റ് നിർമ്മാണം ഏറ്റെടുക്കുന്നത്.

നടത്തിപ്പ് കരാറുകാരന്

പ്ലാന്റിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിപ്പും കരാറുകാരന്റെ ചുമതലയാണ്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും. പ്ലാന്റിന്റെ പ്രവർത്തനത്തിന് 300ടൺ മാലിന്യം ആവശ്യമാണ്. ഇത് നൽകേണ്ടത് കൊച്ചി കോർപ്പറേഷന്റെ ചുമതലയാണ്.

മുനിസിപ്പാലിറ്റികളുടെ മാലിന്യം സംസ്‌കരിക്കും

കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, ഏലൂർ, മരട്, ആലുവ, പെരുമ്പാവൂർ, അങ്കമാലി, നോർത്ത് പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാലിന്യങ്ങൾ പുതിയ പ്ലാന്റിൽ സംസ്‌കരിക്കും.

മാലിന്യങ്ങൾ നീക്കം ചെയ്യണം

പ്ലാന്റ് നിർമ്മാണത്തിന് മുന്നോടിയായി ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായി ബയോമൈനിംഗ് നടത്തണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. മാലിന്യത്തിലെ പ്ലാസ്റ്റിക് നീക്കി ബാക്കി കുഴിച്ചുമൂടുകയാണ് (കാപ്പിംഗ്) ലക്ഷ്യം. ഈ ചുമതലയും സർക്കാർ കെ.എസ്.ഐ.ഡി.സിയെ ഏല്പിച്ചിരുന്നു. ഇതനുസരിച്ച് 54 കോടി രൂപയുടെ ബയോമൈനിംഗ് ടെൻഡറിന് കെ.എസ്.ഐ.ഡി.സി അംഗീകാരവും നൽകി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കോർപ്പറേഷൻ ഇത്രയും തുക കണ്ടെത്താനാവില്ലെന്ന നിലപാടിലാണ്. ഇക്കാര്യത്തിൽ സർക്കാർ സഹായം തേടുമെന്ന് മേയർ അഡ്വ. എം .അനിൽകുമാർ പറഞ്ഞു.

Advertisement
Advertisement