സാമൂഹ്യ ശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി നിര്യാതയായി
തിരുവനന്തപുരം: സാമൂഹ്യശാസ്ത്ര ഗവേഷകയും എഴുത്തുകാരിയുമായ ഡോ. കെ. ശാരദാമണി (93) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം അമ്പലമുക്കിലെ വസതിയിൽ ഇന്നലെ വെളുപ്പിനായിരുന്നു അന്ത്യം. കൊല്ലം പട്ടത്താനം സ്വദേശിനിയായ ശാരദാമണി തിരുവനന്തപുരം വിമെൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഫ്രാൻസിൽ നിന്നാണ് സാമൂഹ്യശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയത്.
1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിംഗ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു. ധാരാളം ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സെമിനാറുകളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചുള്ള പഠനം ഏറെ ശ്രദ്ധ നേടി.
നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമെൻ മുൻ പ്രസിഡന്റാണ്. എമർജൻസ് ഒഫ് സ്ലേവ് കാസ്റ്റ്; പുലയാസ് ഒഫ് കേരള, വിമെൻ ഇൻ പാഡി കൾട്ടിവേഷൻ: എ സ്റ്രഡി ഇൻ കേരള, തമിഴ്നാട് ആൻഡ് വെസ്റ്ര് ബംഗാൾ, മാട്രിലിനി ട്രാൻസ്‌ഫോമ്ഡ്: ഫാമിലി ലോ ആൻഡ് ഐഡിയോളജി ഇൻ ട്വന്റിയത്ത് സെഞ്ച്വറി ട്രാവൻകൂർ, സ്ത്രീ,സ്ത്രീവാദം,സ്ത്രീവിമോചനം, മാറുന്ന ലോകം; മാറ്റുന്നതാര്, ഇവർ വഴികാട്ടികൾ എന്നിവയാണ് പ്രധാന കൃതികൾ.
1950കളിൽ ജനയുഗം പത്രത്തിൽ എഴുതിത്തുടങ്ങിയ ശാരദാമണി ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മെയിൻ സ്ട്രീം വാരികയിൽ ദീർഘകാലം രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു. ജനയുഗം സ്ഥാപക പത്രാധിപരും എഴുത്തുകാരനും ദി പാട്രിയട്ട്, യു.എൻ.ഐ എന്നിവയുടെ ഡൽഹിയിലെ ലേഖകനുമായിരുന്ന പരേതനായ എൻ. ഗോപിനാഥൻ നായരുടെ (ജനയുഗം ഗോപി) ഭാര്യയാണ്. മക്കൾ: ഡോ. ആശ (ന്യൂറോ സയന്റിസ്റ്റ്), ഡോ.അരുണിമ (അദ്ധ്യാപിക, ജെ.എൻ.യു, കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ (കെ.സി.എച്ച്.ആർ).