കപ്പ ചലഞ്ചിൽ തിളങ്ങി ജില്ല

Thursday 27 May 2021 12:10 AM IST
.

മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ട്രിപ്പിൾ ലോക്ക് ഡൗണും മഴക്കെടുതിയും പ്രതിസന്ധിയായപ്പോഴും ജില്ലയിലെ കർഷകരിൽ നിന്ന് ഏറ്റെടുത്ത് ജില്ലയിൽ ഇതുവരെ വിറ്റഴിച്ചത് 27 ടൺ കപ്പ. ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കപ്പ ചലഞ്ചിലൂടെയാണ് പ്രതിസന്ധിയെ മറികടന്നത്. ജില്ലയിലെ സഹകരണ ബാങ്കുകളുടെയും സഹകരണ സൊസൈറ്റികളുടെയും പങ്കാളിത്തത്തോടെയായിരുന്നു കപ്പ ചലഞ്ച്. സഹകരണ സംഘങ്ങളുടെ സഹായത്തോടെ 4,000 കിറ്റുകളിലായി 27 ടൺ കപ്പയാണ് വിറ്റഴിക്കാനായത്. 100 രൂപയുടെയും 50 രൂപയുടെയും 4,000 കിറ്റുകൾ ഒരുക്കിയായിരുന്നു വിപണനം.

കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണും ശക്തമായ മഴയും കാരണമാണ് ജില്ലയിൽ കപ്പ, നേന്ത്രവാഴ തുടങ്ങിയവയുടെ വിൽപ്പനയും വിപണനവും തടസപ്പെട്ടത്. മഴ പെയ്തതോടെ പാടത്ത് വിളയിറക്കിയ ഏക്കർ കണക്കിന് കപ്പക്കൃഷി വെള്ളക്കെട്ടിലായി. വിളവെടുപ്പ് ഉടനെ ഒന്നിച്ച് നടത്തേണ്ട സാഹചര്യം ഉടലെടുത്തു. ടൺ കണക്കിന് കപ്പയാണ് ഒറ്റയടിക്ക് വിറ്റഴിക്കേണ്ടി വരുന്നത്. കൃഷി ഭവൻ മുഖേന പരമാവധി കാർഷികോൽപന്നങ്ങൾ ഏറ്റെടുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, വാട്ട്സ് ആപ്പ് കൂട്ടായ്മകൾ , യുവജന സംഘടനകൾ തുടങ്ങിയവരെല്ലാം കാർഷികോത്പന്നങ്ങളുടെ വിപണനത്തിന് സഹായവുമായി കൂടെയുണ്ട്. നേന്ത്രവാഴ, പൈനാപ്പിൾ, മാങ്ങ, തണ്ണി മത്തൻ തുടങ്ങിയ കാർഷികോൽപന്നവും ഇത്തരത്തിൽ വിപണിയിലെത്തിക്കുന്നുണ്ട്. ജില്ലയിൽ വേങ്ങര, വണ്ടൂർ, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലാണ് കൂടുതൽ കപ്പ കൃഷി ചെയ്യുന്നത്. കപ്പ വിറ്റഴിക്കാനായി ഉദ്യോഗസ്ഥർ അന്തർ സംസ്ഥാന വ്യാപാര കമ്പനികളുമായും ബന്ധപ്പെടുന്നുണ്ട്. ജില്ലയിൽ 2,000 ടണ്ണിലധികം കപ്പ ഇനിയും വിറ്റഴിക്കാനുണ്ട്.

കൃഷി വകുപ്പു മുഖേനെ കപ്പ കിറ്റുകൾ സംഭരിച്ച് കർഷകർക്ക് സഹായിക്കുകയാണ് ജില്ലയിലെ സഹകരണ ബാങ്കുകൾ. കിറ്റുകൾ ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കുന്നതിലൂടെ കർഷകർക്ക് ന്യായ വില ലഭിക്കും. 100 രൂപയുടെ എട്ട് കിലോ കിറ്റ്, 50 രൂപയുടെ നാല് കിലോ കിറ്റ് എന്നിങ്ങനെയാണ് വിപണനം. ഒരു കിലോ കപ്പക്ക് 10 രൂപ വരെ കർഷകന് ലഭിക്കും. ട്രിപ്പിൾ ലോക്ക് ടൗണിനെ തുടർന്ന് കിലോയ്ക്ക് നാല് രൂപ വരെയായി കുറഞ്ഞിരുന്നു.

Advertisement
Advertisement