യു.ഡി.എഫ് നേതൃ യോഗം നാളെ

Thursday 27 May 2021 2:23 AM IST

വി.ഡി.സതീശൻ ചെയർമാനായേക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ യു.ഡി.എഫ് ഏകോപനസമിതി യോഗം നാളെ ചേരും.

പുതിയ മുന്നണി ചെയർമാനെ യോഗം തിരഞ്ഞെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നണി ചെയർമാനുമായേക്കും. ചെയർമാനായി ചെന്നിത്തലയെ നിലനിറുത്തണമെന്ന വാദഗതികളുണ്ടെങ്കിലും അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ് സൂചന. 2016ൽ യു.ഡി.എഫ് പരാജയപ്പെട്ട ശേഷം മുന്നണിയുടെ നായകസ്ഥാനത്ത് നിന്ന് മാറിയ ഉമ്മൻ ചാണ്ടിയുടെ നിലപാടാണ് ഇക്കാര്യത്തിൽ രമേശിനും.

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും സംപൂജ്യരായ ആർ.എസ്.പിയിലടക്കം അസ്വസ്ഥതകളുണ്ട്. കോൺഗ്രസിലെ പ്രശ്നങ്ങളിൽ മുസ്ലിംലീഗിനും അതൃപ്തിയുണ്ട്. ലീഗിനകത്തും തലമുറമാറ്റമെന്ന ആവശ്യമുയർന്നു. തോൽവിയുടെ ഇന്നത്തെ അവസ്ഥയിൽ മുന്നണിയുടെ കെട്ടുറപ്പിന് വിഘാതമാകുന്ന ചർച്ചകളുണ്ടാകരുതെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. കോൺഗ്രസിന്റെ വിലയിരുത്തലും പൂർണ്ണമായിട്ടില്ല. നേതൃമാറ്റം ഏതു നിമിഷവും വരാമെന്നതിനാൽ കെ.പി.സി.സി തലപ്പത്തും അനിശ്ചിതത്വമാണ്. അതിനാൽ വിശദചർച്ച

പിന്നീട് തീരുമാനിച്ച് പിരിയാനാകും സാദ്ധ്യത. തോൽവിയിൽ നിന്ന് തിരിച്ചുകയറുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കായി പ്രത്യേക ഉപസമിതിയെ നിയോഗിച്ചേക്കാം.

Advertisement
Advertisement