സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസും

Thursday 27 May 2021 2:35 AM IST

ജൂൺ ഒന്നിന് ഓൺലൈനായി പ്രവേശനോത്സവം

തിരുവനന്തപുരം: സ്കൂൾ തലത്തിൽ വിക്ടേഴ്സ് ചാനൽ വഴി നടത്തുന്ന ഡിജിറ്റൽ ക്ലാസിന് പുറമേ ഓൺലൈൻ ക്ലാസും ആരംഭിക്കാൻ ഇന്നലെ ചേർന്ന ക്യൂ.ഐ.പി യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ അദ്ധ്യയന വർഷം ആരംഭിക്കാനും ഓൺലൈനായി പ്രവേശനോത്സവം നടത്താനും ധാരണയായി. കൂടുതൽ തീരുമാനങ്ങൾ ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിശദീകരിക്കും.

അതത് വിഷയങ്ങളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിക്ടേഴ്സിലെ ക്ലാസിന് ശേഷം ഓൺലൈൻ ക്ലാസ് നടത്താനാണ് ആലോചന. ഗൂഗിൾ മീറ്റ് അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഇതിനായി ഉപയോഗിക്കും. ആദ്യത്തെ രണ്ടാഴ്ച റിവിഷൻ ക്ലാസുകളും നടത്തിയേക്കും. കൊവിഡ് കേസുകൾ കുറയുന്നതിനനുസരിച്ച് മുതിർന്ന ക്ലാസുകളിലെ കുട്ടികളെ ഘട്ടം ഘട്ടമായി സ്കൂളിലെത്തിക്കും. അദ്ധ്യാപകർ സ്കൂളിലെത്തി ഓൺലൈൻ ക്ലാസുകളെടുക്കുന്ന കാര്യത്തിൽ, കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാകും തീരുമാനം. ഡിജിറ്റൽ ക്ലാസുകളുടെ നിലവാരം ഉയർത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു.

പ്ലസ് വൺ പരീക്ഷ നടത്തണമെന്നും ഉടനെ നടത്തേണ്ടതില്ലെന്നും അദ്ധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നു. എൽ.എസ്.എസ്,​ യു.എസ്.എസ് പരീക്ഷകൾ ഉപേക്ഷിച്ചേക്കും. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൊവിഡ് വാക്സിൻ നൽകണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ മാറ്റണമെന്നും വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിൽ തീരുമാനമെടുക്കണമെന്നും ആവശ്യമുയർന്നു.

എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷാഫലം ജൂലായിൽ പ്രസിദ്ധീകരിക്കും. മൂല്യനിർണയ ക്യാമ്പുകൾ സംബന്ധിച്ച് അദ്ധ്യാപകരുടെ ആശങ്കകൾ പരിഹരിക്കും. താമസിക്കുന്ന ജില്ലകളിൽ ഡ്യൂട്ടി നൽകും. ഗതാഗതസൗകര്യം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചേക്കും. പാഠപുസ്തക വിതരണവും ത്വരിതപ്പെടുത്തും. അദ്ധ്യാപകരുടെ ഒഴിവുകൾ നികത്തും. നിയമനാംഗീകാരം വേഗത്തിലാക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു,​ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ജെ. പ്രസാദ്,​ സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടർ ഡോ.എ.പി.കുട്ടികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement