മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ അകറ്റുന്നത് ക്രൂരത: ഹൈക്കോടതി

Thursday 27 May 2021 2:50 AM IST

കൊച്ചി: അച്ഛനിൽ നിന്ന് കുഞ്ഞിനെ മനഃപൂർവം അകറ്റിയ അമ്മയുടെ നടപടി മാനസിക ക്രൂരതയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് പരാതിക്കാരനായ തൃശൂർ സ്വദേശിയായ യുവാവിന് വിവാഹമോചനം അനുവദിച്ചു. ഭാര്യ ക്രൂരമായി പെരുമാറുകയാണെന്നാരോപിച്ച് സമർപ്പിച്ച ഹർജി കുടുംബക്കോടതി തള്ളിയതിനെതിരെയുള്ള അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.

മാതാപിതാക്കളിലൊരാൾ കുട്ടിയെ മറ്റെയാളിൽ നിന്ന് മനഃപൂർവം മാറ്റി നിറുത്തുന്നത് മാനസികമായ ക്രൂരതയാണെന്നും ആ നിലയ്‌ക്ക് ഹർജിക്കാരന് വിവാഹമോചനത്തിന് അർഹതയുണ്ടെന്നുമാണ് ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ. വിദേശത്ത് ബാങ്ക് മാനേജരായ ഹർജിക്കാരൻ 2009 ഡിസംബറിലാണ് വിവാഹിതനായത്. ആദ്യനാളുകളിൽ തന്നെ ഭാര്യ വഴക്കുതുടങ്ങിയെന്നും ക്രൂരമായാണ് പെരുമാറുന്നതെന്നും ഹർജിയിൽ പറയുന്നു. 2011ൽ കുഞ്ഞു ജനിച്ചതറിഞ്ഞ് ആശുപത്രിയിലെത്തിയെങ്കിലും കാണാൻ അനുവദിച്ചില്ല. ലീഗൽ സർവീസ് അതോറിട്ടി ഇടപെട്ടാണ് ഹർജിക്കാരനും മാതാപിതാക്കൾക്കും കുഞ്ഞിനെ കാണാൻ അവസരമൊരുക്കിയത്.

കുട്ടിയെ വിട്ടുകിട്ടാൻ ഹർജിക്കാരൻ കുടുംബകോടതിയിൽ ഹർജി നൽകി. തുടർന്നുള്ള ഒത്തുതീർപ്പനുസരിച്ച് ഒരുമിച്ചുജീവിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. തുടർന്നാണ് വിവാഹമോചനത്തിന് കുടുംബക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഭാര്യ ക്രൂരമായി പെരുമാറിയെന്ന് തെളിയിക്കാൻ ഹർജിക്കാരന്റെ വാദങ്ങൾക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.

Advertisement
Advertisement