'ദ്വീപിൽ മുഴുവൻ ഐസിസ് ഭീകരരാണെന്നൊക്കെ എഴുതിമറിക്കുന്ന കൂശ്‌മാണ്ടങ്ങൾ ഈ സ്നേഹവും നൈർമല്യവും കണ്ടറിയണം'; ലക്ഷദ്വീപിലെ ശിവക്ഷേത്രത്തിന്റെ ചിത്രം പങ്കുവച്ച് സർക്കാരുദ്യോഗസ്ഥൻ

Thursday 27 May 2021 10:37 AM IST

ആലപ്പുഴ: ലക്ഷദ്വീപിൽ പുതിയ ഭരണാധിപൻ പ്രഫുൽ പട്ടേൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധവുമായി വ്യത്യസ്‌തമായ പോസ്‌റ്റുമായി ഒരു സർക്കാർ ഉദ്യോഗസ്ഥൻ. കവരത്തിയിലുള‌ള ശിവക്ഷേത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് ആദർശ് വിശ്വനാഥ് എന്ന ആരോഗ്യവകുപ്പിലെ ഗ്രേഡ് വൺ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ തന്റെ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.

ദ്വീപിലെ മുസ്ളീംപള‌ളികളെക്കാൾ സ്ഥലമുണ്ട് ഈ ശിവക്ഷേത്രത്തിന് എന്നിട്ടും 99 ശതമാനത്തിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ ഇത് ഇടിച്ച് കൈയേറാനോ കർസേവ നടത്താനോ ആരും തുനിഞ്ഞില്ല അതാണ് ദ്വീപിലുള‌ളവരുടെ സ്‌നേഹവും നൈർമല്യവുമെന്ന് ആദർശ് പറയുന്നു.

ആദർശ് വിശ്വനാഥിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂ‌ർണരൂപം ചുവടെ:

ഈ ഫോട്ടോ, ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലെ ശിവക്ഷേത്രത്തിൽ നിന്നാണ്...
ഒരു വർഷം മുൻപ് ലക്ഷദ്വീപ് യാത്രയിൽ പകർത്തിയത്.
അത്ഭുതപ്പെടണ്ട, ഇപ്പറഞ്ഞ 99% മുസ്ലീം സമുദായം തിങ്ങിപ്പാർക്കുന്ന ലക്ഷദ്വീപിൽ തന്നെയാണ് ഈ ശാന്തസുന്ദരമായ ശിവക്ഷേത്രം...


അവിടെക്കണ്ട മുസ്ലീംപള്ളികളെക്കാളും സ്ഥലമുണ്ടെന്ന് തോന്നി ക്ഷേത്രവളപ്പിൽ ...
എന്നിട്ടും 99 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷത്തിന് ഇതിടിച്ചു കർസേവ നടത്താനും കയ്യേറാനുമൊന്നും തോന്നിയിട്ടില്ല, ഇത്രനാളും.


അതാണവിടത്തെ സാഹോദര്യം,
ബാക്കിയുള്ള ഒരു ശതമാനത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ദ്വീപിന്റെ വലിയ മനസ്സ്...
ദ്വീപിൽ മുഴുവൻ കട ഭീകരരാണെന്നൊക്കെ ഇവിടിരുന്ന് എഴുതിമറിക്കുന്ന കൂശ്മാണ്ടങ്ങൾ അവിടെ ഒരു ദിവസമെങ്കിലും പോയി ആ സ്‌നേഹം, നൈർമല്യം കണ്ടറിയണം.
ചോരക്കൊതിമാറാത്ത ഓരോ പട്ടേലൻമാരെ ഇറക്കി ഇനി അവിടേംകൂടെ ശവങ്ങളൊഴുകുന്ന ഗംഗാതീരംപോലെ ആക്കാതിരിക്കൂ.....
അപേക്ഷയാണ്


(വെള്ളിയാഴ്ചത്തെ ജുമ കഴിഞ്ഞയുടൻ
കിട്ടിയസമയത്ത് അവിടേക്ക് ഞങ്ങളെ കൊണ്ടുപോയത് അന്നാട്ടുകാരനായ സഹപാഠി ചങ്ക് ബ്രോ റഷീദ്
വിശ്വാസിയായ, കോൺഗ്രസുകാരനായ എന്റെകൂടെ ഫോട്ടോയിലുള്ളത് സഹയാത്രികനും ഉത്തമകമ്യൂണിസ്റ്റുമായ ഷിബുമോനാണ്. ഞങ്ങളിങ്ങനാണ് ഭായ്...
മനുഷ്യരങ്ങനാണ് ഭായ്
ലക്ഷദ്വീപിന് ഐക്യദാർഢ്യം