വാടക ഒഴിവാക്കി വ്യാപാരികൾക്ക് കൈത്താങ്ങായി ഷെരീഫ്

Friday 28 May 2021 12:46 AM IST
ഷെരീഫ്

കൊല്ലങ്കോട്: ലോക്ക് ഡൗൺ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് കെട്ടിട വാടകയിളവ് നൽകി കൈത്താങ്ങാവുകയാണ് മുതലമട മീങ്കരാസ് വെളിച്ചെണ്ണ കമ്പനി ഉടമയും വണ്ടിത്താവളം ചുള്ളിപ്പെരുക്കമേട് സ്വദേശിയുമായ ഷെരീഫ്. തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ 47 വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥർക്കാണ് ഷെരീഫിന്റെ നടപടി ആശ്വാസമാകുന്നത്.

ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഷെരീഫ്,​ കൊവിഡ് ബാധിച്ച് ദുരിതമനുഭവിക്കന്ന നിരവധി കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് ഉൾപ്പെടെ നൽകിവരുന്നുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വ്യാപാര സ്ഥാപനം നടത്തുന്നയാൾ ഒരു കിറ്റ് കിട്ടിയാൽ ഏറെ സഹായകമാകുമെന്ന് പറഞ്ഞത് ഷെരീഫിന്റെ ഉള്ളുലച്ചു. തുടർന്നാണ് കെട്ടിടങ്ങളിലെ എല്ലാ വ്യാപാരികൾക്കും വാടകയിളവ് നൽകാൻ തീരുമാനിച്ചത്.

ഇന്നലെ രാവിലെ മാനേജർ ഹക്കീമിനോട് പറഞ്ഞ് ചിറ്റൂരിലെ 17 വ്യാപാര സ്ഥാപനങ്ങളുടെയും വണ്ടിത്താവളത്തുള്ള 30 സ്ഥാപനങ്ങളുടെയും ഒരു മാസത്തെ വാടക വാങ്ങേണ്ടെന്ന് പറയുകയും വ്യാപാരികളെ വിളിച്ചറിയിക്കുകയും ചെയ്തു. ലോക് ഡൗൺ നീട്ടുകയാണെങ്കിൽ അതുവരെയുള്ള വാടക ഒഴിവാക്കും. കെ.വി.വി.ഇ.എസ് സംസ്ഥാന സമിതി അംഗവും വണ്ടിത്താവളം യൂണിറ്റ് ജന.സെക്രട്ടറിയുമാണ് ഷെരീഫ്.

Advertisement
Advertisement