മൂന്നാംതരംഗം മുന്നിൽക്കണ്ട് കുടുംബശ്രീ പ്രവർത്തനം

Friday 28 May 2021 12:57 AM IST

കൊച്ചി: കൊവിഡ് മൂന്നാംതരംഗത്തിൽ വീണുപോകാതിരിക്കാൻ സാമൂഹികാധിഷ്ടിത കൊവിഡ് പ്രതിരോധ ക്യാമ്പയിനുമായി കുടുംബശ്രീ. സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പിന്റെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന രീതിയിലാണ് ക്യാമ്പയിനിന്റെ പ്രവർത്തനം.

പ്രവർത്തനം

സംസ്ഥാനത്ത് മൂന്നുലക്ഷം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം കുടുംബങ്ങളാണുള്ളത്. കൂടാതെ 19489 എ.ഡി.എസും 1064 സി.ഡി.എസും അട്ടപ്പാടിയിൽ 134 ഊരു സമിതികളും 4 പഞ്ചായത്തു സമിതികളുമുണ്ട്. ഇവരെ സംഘടിപ്പിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയുമാണ് ഉദ്ദേശം.

പ്രവർത്തനം നടത്തുന്നതിനും വേണ്ട മാർഗ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും സംസ്ഥന തലത്തിൽ 2100 പേരടങ്ങുന്ന റിസോഴ്സ് പേഴ്സൺമാരെ സജ്ജമാക്കിയിട്ടുണ്ട്. ഒരു സി.ഡി.എസിന് 2 റിസോഴ്സ് പേഴ്സൺമാരെെ വീതം നൽകും. ഇവർ സി.ഡി.എസ് അംഗങ്ങളെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കും.

എല്ലാ കുടുംബങ്ങളിലും പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് അയൽക്കൂട്ടതലത്തിൽ കെ.ആർ.ടിയും (കുടുംബശ്രീ റെസ്‌പോൺസ് ടീം) സി.ഡി.എസ് തല കോർകമ്മിറ്റിയും രൂപീകരിക്കും. സി.ഡി.എസ്, റിസോഴ്സ് പേഴ്സൺമാർ, ചെയർപേഴ്സൺമാർ എന്നിവരെ ഉൾപ്പെടുത്തി ബ്ലോക്ക് കമ്മിറ്രി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

ലക്ഷ്യം

• കൊവിഡ് വ്യാപന തോതും മരണനിരക്കും കുറയ്ക്കൽ

• മൂന്നാംതരംഗത്തെ പറ്റിയുള്ള ബോധവത്കരണവും മുന്നൊരുക്കങ്ങളും

• സ്വയം സുരക്ഷിതരാകുന്നതിനുള്ള നിർദ്ദേശങ്ങൾ

• ലോക്ക്ഡൗൺ മൂലം കുടുംബങ്ങളിലും സ്ത്രീകളിലും കുട്ടികളിലും ഉണ്ടാകുന്ന സാമ്പത്തിക, ശാരീരിക, മാനസിക പ്രശ്നങ്ങൾ പരിഹരിക്കുക.

• കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ച് കൃത്യമായ അറിവ് സൃഷ്ടിക്കുക.

ഒന്നരവർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പരിശീലനങ്ങൾ പൂർത്തിയായിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റിയുള്ള ലഘുലേഖയും ഇറക്കിയിട്ടുണ്ട്.

പി.സി.നിഷാദ്, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ

Advertisement
Advertisement