കറിയാക്കാൻ മാത്രമല്ല, മീൻ വളർത്തി വിൽക്കാനും അറിയാം പെണ്ണുങ്ങൾക്ക്

Friday 28 May 2021 12:02 AM IST
കുന്ദമംഗലത്ത് വനിതാകൂട്ടായ്മയിൽ ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പ്

കുന്ദമംഗലം: രുചിയൂറും മീൻ കറി വയ്ക്കാൻ മാത്രമല്ല, മീൻ വളർത്തി ജീവിത വിജയം നേടാനും മുന്നിലാണ് സ്ത്രീകളെന്ന് അടയാളപ്പെടുത്തുകയാണ് കുന്ദമംഗലത്തെ പെണ്ണുങ്ങൾ. ലോക്ക്ഡൗൺ കാലത്ത് വനിതാകൂട്ടായ്മ തുടങ്ങിയ മത്സ്യകൃഷിയുടെ വിളവെടുപ്പും വിൽപ്പനയും ഇപ്പോൾ നാട്ടിലെങ്ങും പാട്ടാണ്. കുന്ദമംഗലം മാലക്കോത്ത് ജയശ്രീയാണ് ഈ സ്ത്രീ കൂട്ടായ്മയുടെ ക്യാപ്റ്റൻ.

കൊവിഡിന്റെ ഒന്നാംവരവിൽ ജീവിതം ഞെരുങ്ങാൻ തുടങ്ങിയതോടെ വരുമാന വഴി തേടുന്ന ഭർത്താവായ ജനാർദ്ദനനെയും മരുമകൻ സനൂപിനേയുമാണ് ജയശ്രീ കണ്ടത്. മത്സ്യകൃഷിയാണെങ്കിൽ ഒരുകൈ നോക്കാമെന്ന് ജയശ്രീയും ഉറച്ചു. മകൾ ആശ്ചര്യയും ബന്ധുക്കളായ സജിത, സുബിഷ, ബവിത എന്നിവരേയും കൂട്ടി അഞ്ചംഗ വനിതാ സംഘമുണ്ടാക്കി മത്സ്യം വളർത്താൻ ഇറങ്ങി. കോഴിക്കോട് പാവമണി റോഡിലെ ഒരു അഗ്രികൾച്ചറൽ സൊസൈറ്റി സാമ്പത്തിക - സാങ്കേതിക സഹായങ്ങൾ വാഗ്ദാനം ചെയ്തതോടെ ആവേശം കൂടിയെന്ന് ജയശ്രീ പറയുന്നു. വീടിന് പിന്നിലെ രണ്ടര സെന്റിൽ നാലായിരത്തോളം മത്സ്യങ്ങളെ വളർത്താൻ കഴിയുന്ന കുളം കുഴിച്ച് ടാർപായ വിരിച്ചു. സ്വന്തം കിണറിൽ നിന്ന് വെള്ളം കുളത്തിലേക്കെത്തിച്ചു. വെള്ളം ശുദ്ധീകരിക്കാൻ സംവിധാനങ്ങളും ഒരുക്കി. മകൻ അനശ്വറും സുഹൃത്തുക്കളും സഹായത്തിനെത്തിയതോടെ എല്ലാം വേഗത്തിലായി. ദ്രുത വളർച്ചയുള്ള തിലോപ്പിയ, ചിത്രലാട മത്സ്യക്കുഞ്ഞുങ്ങളും തീറ്റയുമാണ് സൊസൈറ്റി നൽകിയത്. ഒരു തിലോപ്പിയ മത്സ്യക്കുഞ്ഞിന് അഞ്ചുരൂപയാണ് വില. ആറ് മാസം കൊണ്ട് പൂർണ വളർച്ചയെത്തുന്ന മത്സ്യത്തിന് 200 ഗ്രാം തൂക്കം വരും. ജനുവരിയിൽ ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പ് തുടരുകയാണ്. കിലോയ്ക്ക് 300 രൂപ നിരക്കിലാണ് മത്സ്യവിൽപ്പന നടത്തുന്നത്. ലോക്ക്ഡൗണും ചുഴലിക്കാറ്റിനെ തുടർന്ന് കടൽ മത്സ്യം കിട്ടാതായതും വളർത്തുമത്സ്യത്തിന് ആവശ്യക്കാർ ഏറിയെന്ന് ഈ വനിതാകൂട്ടായ്മ സാക്ഷ്യപ്പെടുത്തുന്നു. മത്സ്യകൃഷി വിളവെടുപ്പ് വാർഡ്മെമ്പർ ഫാത്തിമ ജസ്ലിൻ ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ എം.ബാബുമോൻ, ഉദയകുമാർ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement