കൊവിഡും മഴയും, വേണം അതീവ ജാഗ്രത

Friday 28 May 2021 12:02 AM IST

കൽപ്പറ്റ: കൊവിഡ് പ്രതിസന്ധിക്കിടയിലാണ് മൺസൂൺ എത്തുന്നത്. കൂടെ മഴക്കാല സാംക്രമിക രോഗങ്ങളും. ആരോഗ്യവകുപ്പും, തദ്ദേശ സ്ഥാപനങ്ങളും കൊവിഡ് പ്രതിരോധ തിരക്കിലും. കഴിഞ്ഞ മഴക്കാലത്ത് രോഗങ്ങൾ ഏറെയായിരുന്നു, എച്ച് വൺ എൻവൺ,ഡെങ്കിപ്പനി, പകർച്ചപ്പനി, ചിക്കുൻഗുനിയ, കോളറ, എലിപ്പനി തുടങ്ങിയവ.

മഴക്കാലം മെയ് അവസാനത്തോടെ എത്തുമെന്ന് അറിഞ്ഞപ്പോൾ ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളും സ്കൂളുകളും വൃത്തിയാക്കുക, വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക, സന്നദ്ധസേവകർക്ക് ഡോക്‌സി സൈക്ലിൻ ഗുളിക നൽകുക, ട്രൈബൽ ഏരിയകളിൽ ശുചീകരണം നടത്തുക, മൃഗ വകുപ്പ് കൃഷി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ ശുചീകരണം എന്നിവ ഉറപ്പാക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ. എല്ലാ ശനിയാഴ്ചകളിലും സ്ഥാപനങ്ങളിലും എല്ലാ ഞായറാഴ്ചകളിലും വീടുകളിലും ഡ്രൈഡേ ആചരിക്കാൻ നിർദ്ദേശവുമുണ്ട്.

 വെള്ളപ്പൊക്കം ഉണ്ടായാൽ

എല്ലാ പഞ്ചായത്തുകളോടും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളും ആളുകളെ മാറ്റി താമസിപ്പിക്കാൻ സൗകര്യമുള്ള ക്യാമ്പുകളും നോക്കി വയ്ക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടാവുകയാണെങ്കിൽ കൊവിഡ് ബാധിതരായവർക്കുള്ള ക്യാമ്പ്, ക്വാറന്റൈനിൽ ഇരിക്കുന്നവർക്കുള്ള ക്യാമ്പ്, ജനറൽ വിഭാഗത്തിനുള്ള ക്യാമ്പ് എന്നിങ്ങനെ മൂന്നുതരത്തിലുള്ള ക്യാമ്പുകൾ ആയിരിക്കും ഉണ്ടാവുക.

 വേണം ജാഗ്രത

മഴക്കാലത്ത് ജലജന്യരോഗങ്ങളും കൊതുക് ജന്യ രോഗങ്ങളും പടരാതിരിക്കാനും രോഗബാധിതർക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാനുമുള്ള സർക്കാർ സംവിധാനങ്ങൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിമിതമാണ്. അതുകൊണ്ടുതന്നെ ഇവയ്ക്കെതിരെ കടുത്ത ജാഗ്രത സ്വയം പുലർത്തുക.

 തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

തുറന്നു വച്ച ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ചൂടുള്ള ഭക്ഷണം ശീലമാക്കുക

സോപ്പിട്ട് കൈ കഴുകിയ ശേഷം ഭക്ഷണം കഴിക്കുക

 വീടിന് സമീപം വെള്ളക്കെട്ട് ഉണ്ടാവരുത്

 ഫോഗിംഗിലൂടെ പരിസരം അണുവിമുക്തമാക്കണം

 കൊതുകിന്റെ ഉറവിടം നശിപ്പിക്കണം

 പാത്രങ്ങൾ, ചിരട്ടകൾ കമഴ്ത്തി വയ്ക്കുക

 സൺഷേഡുകളിലെ വെളളം ഒഴുക്കി കളയുക

ഞായറാഴ്ചകളിൽ ഫ്രിഡ്ജ് ട്രേ, മഴവെള്ളം സംഭരിക്കുന്ന പാത്രങ്ങൾ, തുടങ്ങിയവയെല്ലാം ഉരച്ച് കഴുകി വെയിലത്ത് വച്ച് ഉണക്കുക.

 രോഗം വന്നാൽ

മഴക്കാലത്ത് പനി സാധാരണയാണ്. പനിയെ പേടിക്കുക തന്നെ വേണം. പനി ഉണ്ടെങ്കിൽ ടെസ്റ്റ് നടത്തി കൊവിഡ് അല്ല എന്ന് ഉറപ്പായ ശേഷം അതിനുള്ള ചികിത്സ തേടണം. പേശി വേദനയോടു കൂടിയ പനി, കണ്ണു വേദനയോടുകൂടിയ പനി തുടങ്ങിയവ എലിപ്പനി അല്ലെങ്കിൽ ഡെങ്കിപ്പനി ആവാനുള്ള സാദ്ധ്യതയുണ്ട്. തൊഴിലുറപ്പിനു പോകുന്നവർ, കർഷകർ, തുടങ്ങിയവരെല്ലാം ഡോക്സി സൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരിക്കൽ കഴിക്കണം.

 ''തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. വീടും പരിസരവും ശുചിയായി വയ്ക്കുക. ഡ്രൈഡേ കൃത്യമായി ആചരിക്കുക. പനി ഉണ്ടാവുകയാണെങ്കിൽ സ്വയം ചികിത്സ ചെയ്യാതെ ആശുപത്രികളെ സമീപിക്കുക''- ഡോ. സാവൻ സാറ മാത്യു , ജില്ലാ സർവലൈൻസ് ഓഫീസർ

Advertisement
Advertisement