അവധിക്കെത്തിയ പ്രവാസികൾക്കും വാക്സിൻ നൽകണം

Friday 28 May 2021 1:41 AM IST

വാക്സിൻ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കാൻ കേരള സർക്കാർ നടത്തുന്ന ശ്രമം അഭിനന്ദനാർഹമാണ്. പുതിയ ആരോഗ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധയിലേക്ക് ഒരു വിഷയം അവതരിപ്പിക്കുകയാണ്. ഗൾഫ് അടക്കം വിദേശ രാജ്യങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ എടുത്ത ശേഷം അവധിക്ക് നാട്ടിലെത്തിയ ഒരുപാട് മലയാളികളുണ്ട്. ഗൾഫിലെ പല സ്ഥലങ്ങളിലും രണ്ടാം ഡോസ് വാക്സിൻ ലഭ്യമായിരുന്നില്ല. ആ സാഹചര്യത്തിൽ കേരളത്തിൽ എത്തിയിട്ടുള്ള ഇക്കൂട്ടർക്കുകൂടി വാക്സിൻ ലഭ്യമാക്കാൻ നടപടി ഉണ്ടാകണം. അവധികഴിഞ്ഞ് മടങ്ങിപ്പോകാൻ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ആവശ്യമാണ് താനും. പ്രതീക്ഷയോടെ.

മോഹൻ

ശാസ്തമംഗലം

തിരുവനന്തപുരം

വ്യാപാരികളെക്കൂടി ഓർക്കുക

കൊവിഡ് മഹാമാരി താണ്‌ഡവം തുടരുമ്പോൾ, നീളുന്ന ലോക്‌ഡൗണുകളിൽ പെട്ട് കടക്കെണിയിലായ വലിയൊരു കൂട്ടം വ്യാപാരികളും ചെറുകിട കച്ചവടക്കാരും സംസ്ഥാനത്തുണ്ട്. നിലവിൽ അവശ്യ സാധനങ്ങൾ വില്‌ക്കുന്നവർക്ക് മാത്രമാണ് ഇളവുള്ളത്. മറ്റുള്ളവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വൻ തുകകൾ ലോണെടുത്തും ബ്ലേഡ് പലിശയ്‌ക്ക് വാങ്ങിയും ബിസിനസ് മുന്നോട്ടു കൊണ്ടു പോയിരുന്ന ഇവരിൽ പലരും ഭാവിയെന്താകുമെന്ന ഭീതിയിലാണ് കഴിയുന്നത്. വ്യാപാര മേഖല യുടെ സ്‌തംഭനം തുടർന്നാൽ അവരുടെ ജീവിതം

കൂടുതൽ ദുരിതപൂ‌ർണമാകും. അതിനാൽ പ്രോട്ടോക്കോൾ പാലിക്കുന്നു എന്നുറപ്പ് വരുത്തിയ ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാൻ നടപടിയുണ്ടാകണം.

കെ. രവീന്ദ്രൻ

ഓമല്ലൂർ, പത്തനംതിട്ട

Advertisement
Advertisement