കേരളത്തെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ്

Friday 28 May 2021 2:30 AM IST

കൊച്ചി: കൊവിഡിന്റെ രണ്ടാം വരവിൽ മാതൃകാപരമായ പ്രതിരോധപ്രവർത്തനങ്ങൾ കാഴ്ചവച്ച കേരളസർക്കാരിനെ പ്രശംസിച്ച് 'ന്യൂയോർക്ക് ടൈംസ്'. കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ആവശ്യത്തിന് കിടക്കകളും ഓക്‌സിജനും ഇല്ലാതെ ബുദ്ധിമുട്ടി. എന്നാൽ കൊച്ചുകേരളം ഒാരോ കൊവിഡ് രോഗിയെയും കണ്ടെത്താനും ചികിത്സ നൽകാനും 'വാർ റൂമുകൾ' ഒരുക്കി ലോകത്തിനാകമാനം മാതൃകയായെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരാൾ രോഗബാധിതനായി എന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ അറിയിച്ചാൽ രോഗമുക്തനാകുന്നതുവരെ അയാൾക്കൊപ്പം ആരോഗ്യ സംവിധാനം ഉണ്ടാകും.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചു വീണപ്പോൾ കേരളത്തിൽ മരണനിരക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും കുറവായ 0.4 ശതമാനമാക്കി നിറുത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ഓക്‌സിജൻ ക്ഷാമം ഒരിക്കൽ പോലും ഉണ്ടായില്ല. വിദേശത്ത് നിന്ന് വരുന്നവരെ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷിക്കുകയും ചെയ്തതിനാൽ കൊവിഡ് വ്യാപനം പുറത്തുനിന്നെത്തുന്നത് തടയാനായി. 2018ൽ നിപ്പ വൈറസ് പടർന്നുപിടിച്ചപ്പോൾ നടത്തിയ പ്രവർത്തനം ഇതിന് വഴികാട്ടിയായെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു.

Advertisement
Advertisement