അച്ഛന്റെ പാതയിൽ സഞ്ചരിച്ച അയിഷ

Saturday 29 May 2021 12:15 AM IST

അയിഷ എഴുതിയ 'എബ്രാംലിങ്കൺ' പുസ്തകത്തിന്റെ പുറംചട്ട

കൊച്ചി: സഹോദരൻ അയ്യപ്പന്റെ മകളായി പിറന്നതിൽ ഏറെ അഭിമാനിച്ചതിനൊപ്പം പിതാവ് തെളിച്ച പാതയിലൂടെ ദീർഘദൂരം സഞ്ചരിക്കുകയും ചെയ്തു ഇന്നലെ അന്തരിച്ച അയിഷ ഗോപാലകൃഷ്ണൻ.

താനും ജ്യേഷ്ഠനും ഭാഗ്യം ചെയ്തവരായതുകൊണ്ടാണ് ഇങ്ങനെയൊരു അച്ഛന്റെയും അമ്മയുടെയും മക്കളായി പിറന്നതെന്ന് ഒരിക്കൽ അഭിമുഖത്തിൽ അയിഷ പറഞ്ഞിട്ടുണ്ട്.

സഹോദരൻ അയ്യപ്പൻ കൊച്ചി സംസ്ഥാനത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് ചെറായിയിലെ കുമ്പളത്തുപറമ്പിൽ തറവാട്ടിൽ നിന്ന് എറണാകുളം നഗരത്തിലെ സഹോദരഭവനിലേക്ക് കുടുംബസമേതം താമസംമാറിയത്. അയിഷ നടന്നും സുഗതൻ സൈക്കിളിലുമായിരുന്നു എസ്.ആർ.വി സ്കൂളിലേക്കുള്ള യാത്ര. മന്ത്രിയുടെ മക്കൾ സാധാരണക്കാരെപ്പോലെ സ്കൂളിൽ പോകുന്നത് കണ്ട് പലരും അദ്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ പിതാവിൽ നിന്ന് പകർന്നുകിട്ടിയ ലളിതജീവിതശൈലി പിന്തുടരുന്ന മക്കൾക്ക് നാട്ടുകാരുടെ ആശ്ചര്യത്തിൽ അതിശയം തോന്നിയില്ല. ജീവിതാന്ത്യം വരെ ഒരിടത്തും പിതാവിന്റെ മഹത്വത്തിൽ അവർ അഹങ്കരിച്ചില്ല.

മാതാപിതാക്കൾ രൂപംനൽകിയ ആലുവ തോട്ടുമുഖത്തെ ശ്രീനാരായണ സേവികാ സമാജത്തിന്റെ പ്രവർത്തനത്തിൽ പൂർണമായും മുഴുകിയ ജീവിതമായിരുന്നു അവരുടേത്. എറണാകുളം എസ്.എൻ.വി സദനത്തിന്റെ പ്രവർത്തനത്തിലും നിറസാന്നിദ്ധ്യമായി.

അന്ധമായ ജാതിവിവേചനത്തിനെതിരെ സഹോദരൻ അയ്യപ്പൻ നടത്തിയ നവോത്ഥാന പോരാട്ടങ്ങളെ,​ അമേരിക്കയിൽ അടിമവ്യാപാരവും വർണവിവേചനവും അവസാനിപ്പിക്കാനുള്ള എബ്രഹാം ലിങ്കന്റെ പ്രവർത്തനങ്ങളുമായാണ് അയിഷ താരതമ്യം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ലിങ്കണും അയിഷയുടെ ആരാധനാപാത്രമായിരുന്നു. ‌ഡെയിൽ കാ‌ർണേജിയുടെ 'അറിയപ്പെടാത്ത ലിങ്കൺ' (The Unknown Lincoln) എന്ന ഗ്രന്ഥത്തെ അധികരിച്ച് 1969ൽ എബ്രഹാം ലിങ്കന്റെ ജീവചരിത്രം അയിഷ മലയാളത്തിൽ പ്രസിദ്ധീകരിക്കാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. ഇതിന്റെ രണ്ടാംപതിപ്പ് 2019ൽ കൊച്ചിയിലെ ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement