ഒരുക്കമായി ഓൺലൈൻ ക്ലാസിന്

Saturday 29 May 2021 12:51 AM IST

ആറന്മുള: വിട്ടുമാറാതെ കൊവിഡ് ഭീഷണി തുടരുന്നതിനാൽ ഇത്തവണയും ഓൺലൈനായി ക്ലാസ് നടത്താൻ അദ്ധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പും തയ്യാറെടുപ്പുകൾ തുടങ്ങി. സ്കൂൾ പ്രവേശന നടപടികളും ഓൺലൈനായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കില്ലെങ്കിലും സ്കൂളും പരിസരങ്ങളും ശുചിയാക്കാനും ക്ലാസ്സ് മുറികൾ ഉൾപ്പെടെ സജ്ജമാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

ഓൺലൈൻ ക്ലാസ്സിന് ഇത്തവണയും ഇന്റർനെറ്റ് കണക്ഷന്റെ അഭാവം ഗ്രാമപ്രദേശങ്ങളിൽ മിക്കയിടത്തും വെല്ലുവിളിയാകാൻ സാദ്ധ്യതയുണ്ട്. വിക്ടേഴ്സ് ചാനലിന് പുറമെ ഓൺലൈനായി അദ്ധ്യാപകർ ക്ലാസ്സ് തുടങ്ങുമ്പോൾ നെറ്റ് സേവനം ലഭിക്കാത്ത കുട്ടികൾ ഏറെ വിഷമിക്കും. പ്രൈമറി ക്ലാസ്സിലെ കുട്ടികൾ ആശ്രയിക്കുന്നത് രക്ഷിതാക്കളുടെ ഫോണിനെയാണ്.

സ്വാഗതം ഓൺലൈനായി

നവാഗതരെ ഇക്കുറി സ്‌കൂളുകൾ ഓൺ ലൈനായാണ് വരവേൽക്കുക. ഇതിനുള്ള നടപടികൾ ഓൺലൈനായോ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യാപകർ സ്കൂളുകളിൽ നേരിട്ട് എത്തിയോ നടത്തണമെന്നും നിർദ്ദേശമുണ്ട്. ക്ലാസ്സുകൾ ഏതുവിധം തയ്യാറാക്കണമെന്ന നിർദ്ദേശവും പ്രധാന അദ്ധ്യാപകർക്ക് ലഭിച്ചു കഴിഞ്ഞു.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനുള്ള സൗകര്യം പരിശോധിക്കാൻ ബി.ആർ.സികൾ വഴിയുള്ള വിവര ശേഖരണം പൂർത്തിയായി. ഓൺലൈൻ ക്ലാസ്സിൽ കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിച്ച് എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനാണ് പ്രധാന നിർദ്ദേശം.

ടി.സിക്ക് ( വിടുതൽ സർട്ടിഫിക്കറ്റ് ) നിലവിലുള്ള സാഹചര്യത്തിൽ സ്കൂളിൽ പോകേണ്ടതില്ല. ഇതിനുള്ള അപേക്ഷ ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകിയാൽ മതി. പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാലയങ്ങളിലേക്ക് സ്കൂൾ അധികൃതർ ടി.സി ഓൺലൈനായി അയച്ചു കൊടുക്കും.

" ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാത്ത അനവധി കുടുംബങ്ങളുണ്ട് ഇപ്പോഴും. കഴിഞ്ഞ വർഷത്തെ ഫോണുകൾ മിക്കതും 'സ്മാർട്ട് ' അല്ലാത്ത സ്ഥിതിയാണ്. ഗുണനിലവാരമുള്ള ഫോണുകൾ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് നൽകാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും പദ്ധതി തയ്യാറാക്കണം.

( കെ.ജി. റെജി,

സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്

ഓർഗനൈസേഷൻ ജില്ലാ കൺവീനർ )

Advertisement
Advertisement