വൈരമുത്തുവിന് നൽകുന്നത് വിവാദമായി: ഒ.എൻ.വി സാഹിത്യ പുരസ്കാരം തീരുമാനം പുനഃപരിശോധിക്കും

Saturday 29 May 2021 12:00 AM IST

തിരുവനന്തപുരം: തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് ഈ വർഷത്തെ ഒ.എൻ.വി സാഹിത്യ പുരസ്കാരം നൽകാനുള്ള തീരുമാനം അവാർഡ് നിർണ്ണയസമിതിയുടെ നിർദ്ദേശപ്രകാരം പുനഃപരിശോധിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാഡമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നാലുവരിയുള്ള വാർത്താക്കുറിപ്പിൽ കാരണം പറഞ്ഞിട്ടില്ലെങ്കിലും മീ ടു ആരോപണവിധേയനായ വൈരമുത്തുവിന് അവാർഡ് നൽകുന്നതിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും ഒരു വിഭാഗം കലാകാരൻമാരും എഴുത്തുകാരും പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അറിയുന്നു.ചലച്ചിത്ര നടികളായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് ,റിമ കല്ലിങ്കൽ എഴുത്തുകാരിയായ കെ.ആർ.മീര തുടങ്ങിയവർ വൈരമുത്തുവിന് അവാർഡ് നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ചിലർ ഒ.എൻ.വിയുടെ കുടുംബാംഗങ്ങളെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. പുരസ്കാരം വിവാദമായതിൽ കവിയുടെ കുടുംബത്തിന് മനോവിഷമമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.

മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ഏഴുതവണ നേടിയിട്ടുണ്ട് വൈരമുത്തു. പിന്നണി ഗായികയായ ചിന്മയി അദ്ദേഹത്തിനെതിരെ മീ ടു പരാതി ഉന്നയിച്ചിരുന്നു. 17 പേർ മീ ടു ഉന്നയിച്ചുവെന്നാണ് ആക്ഷേപം. മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്കാരം പ്രഭാവർമ്മ, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങുന്ന ജൂറിയാണ് നിശ്ചയിച്ചത്. തമിഴ് രാഷ്ട്രീയത്തിൽ ഡി.എം.കെയോടൊപ്പം നിൽക്കുന്ന എഴുത്തുകാരനാണ് വൈരമുത്തു.

ഒരു കേസുപോലും ഇല്ലെന്ന് വൈരമുത്തു

ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് വൈരമുത്തു ഒ.എൻ.വി കൾച്ചറൽ അക്കാഡമിക്ക് ഇന്നലെ അയച്ച കത്തിൽ പറയുന്നു. കത്ത് ഇങ്ങനെ ." ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് എന്നെ തിരഞ്ഞെടുത്തതിൽ നന്ദി അറിയിക്കട്ടെ. ചിലർ എനിക്കെതിരെ തെറ്റായ പ്രചാരണവുമായി രംഗത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ കടമയാണെന്ന് കരുതുന്നു.എന്റെ പൊതുജീവിതവുമായോ പ്രൊഫഷണൽ ജീവിതവുമായോ ബന്ധപ്പെട്ട് കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ യാതൊരു കറുത്തപാടും ഉണ്ടായിട്ടില്ല. 2018ൽ ഞാൻ എഴുതിയ ഒരു ഗവേഷണ പ്രബന്ധത്തിന്റെ പേരിൽ നിഷിപ്ത രാഷ്ട്രീയ താത്പ്പര്യമുള്ള ഒരു വിഭാഗം എന്നെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു.നുണകളായതിനാൽ അവഗണിക്കുകയാണ് ചെയ്തത്.സത്യത്തിന്റെ ഒരു കണികപോലും അതിലില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒരൊറ്റ കേസുപോലും എനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടില്ല.രാജ്യത്തെ നിയമം കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ ഏതൊരാളും നിരപരാധിയാണെന്ന് ബഹുമാന്യ ജൂറിക്ക് നന്നായറിയുമെന്ന് എനിക്കുറപ്പുണ്ട്.ദുഃഖകരമെന്ന് പറയട്ടെ, ഇതൊക്കെ ജൂറിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയെന്നത് എന്റെ നിസഹായതയും ഉത്തരവാദിത്വവുമായിരിക്കുന്നു."

Advertisement
Advertisement