ഒടുക്കത്തെ വിലക്കയറ്റം നിലച്ചുപോകുമോ നിർമ്മാണം

Saturday 29 May 2021 12:38 AM IST

 സിമന്റിന് 500 രൂപ വരെ

 ഇലക്ട്രിക്, പ്ളംബിംഗ് സാമഗ്രികൾക്ക് വർദ്ധന 40 ശതമാനം വരെ

കോഴിക്കോട്: ലോക്ക് ഡൗൺ സൃഷ്ടിച്ച ആഘാതത്തിനിടെ വിലക്കയറ്റം കൂടി രൂക്ഷമായതോടെ നിർമ്മാണ മേഖല പ്രതിസന്ധിച്ചുഴിയിൽ. നിർമ്മാണ സാമഗ്രികൾക്ക് കൃത്രിമക്ഷാമം വന്നതോടെ നിരക്ക് കുത്തനെ ഉയരുകയാണ്. സിമന്റ്, കമ്പി എന്നിവയ്ക്കു പുറമെ ഇലക്ട്രിക്, പ്ലംബിംഗ് സാമഗ്രികൾക്കും വല്ലാതെ വില കൂടിയിട്ടുണ്ട്.

സമ്പൂ‌ർണ ലോക്ക് ഡൗണിന് മുമ്പ് 400 രൂപയ്ക്ക് ലഭിച്ചിരുന്ന സിമന്റിന് ഇപ്പോൾ അഞ്ഞൂറിന് അടുത്തെത്തി. കമ്പിയുടെ വില കിലോഗ്രാമിന് 85 വരെയായി ഉയർന്നു. ഇലക്ട്രിക്, പ്ലംബിംഗ് സാമഗ്രികളുടെ നിരക്കിൽ 35 മുതൽ 40 ശതമാനം വരെ വർദ്ധനവുണ്ട്.

നിർമ്മാണ മേഖലയിലെ അടിസ്ഥാനവസ്തുക്കളായ കരിങ്കല്ല്, ജെല്ലി എന്നിവ കിട്ടാനുമില്ല. ലോക്ക് ഡൗണിൽ ക്വാറികളുടെ പ്രവർത്തനം നിറുത്തി വെച്ചതാണ് കാരണം. മൊത്തവ്യാപാരികൾ നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന എം സാൻഡ്, പി സാൻഡ് എന്നീ ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കുകയാണെന്നു പരക്കെ പരാതിയുണ്ട്. ചെങ്കൽ ക്വാറികൾക്ക് ഇപ്പോൾ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പണിയ്ക്ക് തൊഴിലാളികൾ കുറഞ്ഞ സാഹചര്യത്തിൽ ചെങ്കല്ലുകളും ആവശ്യത്തിന് കിട്ടാനില്ല.

കൊവിഡ് തീവ്രവ്യാപനത്തോടെ ഇതര സംസ്ഥാന തൊഴിലാളികളിൽ നല്ലൊരു പങ്കും നാട്ടിലേക്ക് മടങ്ങിയത് നിർമ്മാണ മേഖലയെ തളർത്തിയതിനു പിറകെയാണ് വിലക്കയറ്റത്തിന്റെ കൂടി വെല്ലുവിളി. കഴിഞ്ഞവർഷം ലോക്ക് ഡൗൺ വരുത്തിവെച്ച മരവിപ്പിൽ നിന്ന് നിർമ്മാണ മേഖല പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കൊവിഡ് രണ്ടാം തരംഗം. ഇത്തവണത്തെ ലോക്ക് ഡൗണിൽ നിയന്ത്രണവിധേയമായി നിർമ്മാണ മേഖലയ്ക്ക് പ്രവർത്തനാനുമതി നൽകിയതാണ്. എന്നാൽ, തുടക്കത്തിൽ നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നുന്നില്ല. പിന്നീട് സർക്കാർ ഇളവ് നൽകിയെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവും വിലക്കൂടുതലും വിനയായി.മഴക്കാലം തുടങ്ങുംമുമ്പായി തീർക്കാൻ ലക്ഷ്യമിട്ട പല പ്രവൃത്തികളും നിറുത്തിവെച്ച അവസ്ഥയിലാണിപ്പോൾ. ചെറുകിട കെട്ടിട നിർമ്മാതാക്കളെയെന്ന പോലെ കരാറുകാരെയും തൊഴിലാളികളെയുമെല്ലാം ഇത് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പ്ലാൻ തയ്യാറാക്കി നൽകുന്ന സിവിൽ എൻജിനീയർമാർ, ഡ്രാഫ്‌റ്റ്സ്‌മാൻമാർ എന്നിവരുടെ തൊഴിൽദിനങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

വൻകിട നിർമ്മാണ കമ്പനികൾ ഉത്പാദകരിൽ നിന്നു നേരിട്ട് സിമന്റ്, കമ്പി എന്നിവ വാങ്ങിക്കുന്നതിനാൽ ഇക്കൂട്ടർക്ക് അങ്ങനെ പ്രതിസന്ധിയില്ല. കൂറ്റൻ കെട്ടിട നിർമ്മാണത്തിൽ ചെങ്കല്ലിനു പകരം മറ്റു ഹോളോ ബ്ളോക്കും മറ്റുമാണ് കൂടുതലായും ഉപയോഗിക്കുന്നത്.

''നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതുണ്ട്. അമിതവില ഈടാക്കുന്നത് തടയാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളുകയും വേണം.

സി. വിജയകുമാർ,

സംസ്ഥാന പ്രസിഡന്റ്, റെൻസ്‌ഫെഡ്

കെ. ജയകുമാർ, ജില്ലാ പ്രസിഡന്റ്

Advertisement
Advertisement