പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു മുടക്കമില്ലാതെ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി

Saturday 29 May 2021 12:00 AM IST

തിരുവനന്തപുരം : വാ‌ക്‌സിൻ ക്ഷാമം കാരണം സംസ്ഥാനത്ത് വാ‌ക്‌സിനേഷൻ മന്ദഗതിയിലാണെന്നും മുടക്കമില്ലാതെ വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.

പ്രതിദിനം 2.5 ലക്ഷം പേർക്ക് വാ‌ക്‌സിൻ നൽകാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും വാ‌ക്‌സിൻ ലഭ്യമല്ലാത്തതിനാൽ അത് പൂർണതോതിൽ ഉപയോഗിക്കാനാകുന്നില്ല. വാക്‌സിൻ വിതരണത്തിലെ കാലതാമസം കാരണം ജനങ്ങളും ആശങ്കയിലാണ്. രണ്ടാഴ്ചത്തെ ഷെഡ്യൂൾ പ്രകാരം വിതരണത്തിനായി 5.28 ലക്ഷം ഡോസ് അടിയന്തരമായി ലഭ്യമാക്കണം. ഇതുവരെ 45 വയസിന് മുകളിലുള്ളവരിൽ 22ശതമാനം പേർക്ക് മാത്രമാണ് രണ്ടു ഡോസും ലഭിച്ചത്. 1.13 കോടി ആളുകളാണ് ഈവിഭാഗത്തിലുള്ളത്. അതേസമയം 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് നൽകാനായി സംസ്ഥാനം ഒരു കോടി വാക്‌സിന് ഓർഡർ നൽകിയെങ്കിലും മരുന്ന് ക്ഷാമം കാരണം 8.84ലക്ഷം മാത്രമാണ് ലഭിച്ചത്. മറ്റുരോഗങ്ങളുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിലാണ് വാക്‌സിൻ നൽകുന്നതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

Advertisement
Advertisement