ചെലവുകൂലി പോലും കിട്ടാതെ ഫാമുകൾ ലക്ഷങ്ങളുടെ നഷ്ടക്കണക്കിൽ ക‌ർഷകർ

Saturday 29 May 2021 12:01 AM IST

മലപ്പുറം: തമിഴ്‌നാട്ടിൽ നിന്ന് 55 രൂപ ചെലവഴിച്ചാണ് ഒരുദിവസം പ്രായമായ ബ്രോയിലർ കോഴിക്കുഞ്ഞിനെ ജില്ലയിലെ കോഴിക്കർഷകർ വാങ്ങിയത്. തീറ്റയും മരുന്നും നൽകി 40 ദിവസത്തെ പരിചരണത്തിന് ശേഷം ഇന്നലെ മൊത്തവിതരണക്കാർക്ക് കോഴിയെ വിറ്റപ്പോൾ ലഭിച്ചത് കിലോയ്ക്ക് 55 രൂപ. ഇത്രയും ദിവസത്തെ അദ്ധ്വാനത്തിന് പ്രതിഫലമായി കിട്ടിയത് ലക്ഷങ്ങളുടെ നഷ്ടം. കോഴിവില കുത്തനെ കുറഞ്ഞതോടെ വലിയ കടക്കെണിയിലാണ് ജില്ലയിലെ കോഴിക്കർഷകർ. കിലോയ്ക്ക് 77 രൂപയാണ് ഇന്നലെ ചില്ലറ വിപണിയിൽ കോഴിക്ക് ഈടാക്കായിയത്. വെള്ളിയാഴ്ച ആയതിനാൽ ആവശ്യക്കാർ കൂടുമെന്ന് മനസ്സിലാക്കി മുൻദിവസത്തേക്കാൾ അഞ്ചുമുതൽ എട്ട് രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും വില 77 രൂപയാണ്. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് കോഴിവിലയിപ്പോൾ.

ലോക്ക് ഡൗണിന് പിന്നാലെ ട്രിപ്പിൾ നിയന്ത്രണങ്ങൾ കൂടി വന്നതോടെ കോഴിക്ക് ആവശ്യക്കാർ തീരെ കുറയുകയും ഫാമുകളിൽ കോഴി കെട്ടിക്കിടക്കുകയും ചെയ്തതാണ് ജില്ലയിൽ കോഴിവില കുത്തനെ കുറയാൻ കാരണം. ഹോട്ടലുകൾ മിക്കതും അടയ്ക്കുകയും കല്യാണം, സത്കാരങ്ങൾ എന്നിവ നാമമാത്രമാവുകയും ചെയ്തതോടെ കോഴിയുടെ ആവശ്യകത തീരെ കുറഞ്ഞു. ട്രിപ്പിൾ നിയന്ത്രണങ്ങളോടെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പറ്റില്ലെന്നതും കോഴിക്കടകൾ ഒന്നിടവിട്ടേ തുറക്കാൻ പാടൂള്ളൂ എന്ന നിബന്ധനകളും കച്ചവടം തീരെ കുറച്ചു.

കേരളത്തിൽ ഒരുകിലോ കോഴി വളർത്തിയെടുക്കാൻ 80 രൂപയോളം ചെലവാകും. കിലോയ്ക്ക് 95-100 രൂപ നിരക്കിലെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. 40 ദിവസത്തിനുള്ളിൽ രണ്ടര കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന വാൻകോബ് 500 എന്ന ഇനം കോഴിക്കുഞ്ഞുങ്ങളെയാണ് കേരളത്തിൽ വളർത്തുന്നത്. 45 ദിവസം കഴിഞ്ഞാൽ കോഴികളെ ഫാമിൽ സൂക്ഷിക്കുന്നത് അധികച്ചെലവാണ്. ആയിരം കോഴികളുളള ഒരു ഫാമിന് തീറ്റയിനത്തിൽ ദിവസം 7,000 രൂപയോളം അധികം ചെലവാകും. നേരത്തെ 1,500 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരുചാക്ക് കോഴിത്തീറ്റയ്ക്കിപ്പോൾ 1,950 രൂപയാണ്. ജില്ലയിലെ 40,000ത്തോളം ഫാമുകളിൽ നല്ലൊരു പങ്കും ഇടത്തരം, ചെറുകിട ഫാമുകളാണ്. ജോലി നഷ്ടപ്പെട്ട പ്രവാസികളാണ് സംരംഭകരിലേറെയും. പെരുന്നാൾ സീസൺ ലക്ഷ്യമിട്ട് കൊള്ളവിലയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയവ‌ർ തീരാനഷ്ടക്കണക്കിലേക്കാണ് മുങ്ങിയത്. പതിനായിരം കോഴികളെ വളർത്തുന്ന ഒരുഫാമിന് ഏഴ് ലക്ഷത്തിലധികം രൂപയാണ് നിലവിൽ നഷ്ടം നേരിട്ടിട്ടുള്ളത്.

Advertisement
Advertisement