സപ്ലൈകോ വില്പന കിറ്റിലൊതുങ്ങി

Saturday 29 May 2021 12:56 AM IST

കൊല്ലം: സപ്ലൈകോ മാവേലി സ്റ്റോറുകളും സൂപ്പർ മാർക്കറ്റുകളും കിറ്റ് തയ്യാറാക്കലിൽ ഒതുങ്ങുന്നു. പല ഇനങ്ങളുടെയും സ്റ്റോക്ക് തീർന്നിട്ട് ആഴ്ചകളായി. ഉള്ളത് പലതും കിറ്റിലേക്ക് പോകുന്നതിനാൽ സബ്സിഡി, നോൺ സബ്സിഡി വില്പനയുമില്ല.

ഈമാസത്തെ കിറ്റിൽ അര ലിറ്റർ ശബരി വെളിച്ചെണ്ണയുണ്ട്. അതുകൊണ്ട് തന്നെ എത്തുന്ന വെളിച്ചെണ്ണയെല്ലാം കിറ്റിലേക്ക് പോവുകയാണ്. പണ്ട് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന അര ലിറ്റർ വെളിച്ചെണ്ണ പലർക്കും കിട്ടിയിട്ട് മാസങ്ങളാകുന്നു. ഉപ്പ്, ആട്ട, പച്ചരി എന്നിവയും ഭൂരിഭാഗം സ്ഥലങ്ങളിലും സ്റ്റോക്കില്ല. കടല, തുവര, ചെറുപയർ എന്നിവ സ്റ്റോക്കുണ്ട്. പക്ഷെ കിറ്റിലൂടെ കിട്ടുന്നതിനാൽ ഈ മൂന്ന് ഇനങ്ങളുടെയും വില്പന കുത്തനെ ഇടിഞ്ഞു. ഇപ്പോൾ എത്തിയ അരി തീരെ ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവുമുണ്ട്.

കിറ്റ് വിതരണം ഇഴയുന്നു

പല ഇനങ്ങളും സ്റ്റോക്കില്ലാത്തതിനാൽ മേയ് മാസത്തിലെ കിറ്റ് വിതരണം ഇഴയുകയാണ്. എ.എ.വൈ വിഭാഗത്തിനുള്ള കിറ്റ് പോലും പൂർണമായും പല റേഷൻ കടകളിലും എത്തിയിട്ടില്ല.

കച്ചവടം ഇടിഞ്ഞു

ജില്ലയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ലോക്ക്ഡൗണിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഒന്നര ലക്ഷത്തിനും രണ്ടിനും ഇടയിൽ കച്ചവടം നടന്നിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാരണം കച്ചവടം പതിനായിരത്തിൽ താഴേക്ക് ഇടിഞ്ഞു.

Advertisement
Advertisement