കാസർകോടിന്റെ വികസനത്തിന് കുതിപ്പേകും

Sunday 30 May 2021 12:15 AM IST
മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർകോട്: ജില്ലയുടെ വികസന കുതിപ്പിന് കൂട്ടായ പരിശ്രമം നടത്തുമെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലയിലെ എം.എൽ.എമാർ, ജനപ്രതിനിധികൾ, സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർ, പ്രവാസികൾ തുടങ്ങിയവരുടെ സഹകരണം വികസനത്തിനായി തേടുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യമേഖലയിലാണ് ജില്ല ഏറെ പ്രയാസപ്പെടുന്നതെന്നാണ് മനസിലാക്കുന്നത്. ഇതേതുടർന്ന് കാസർകോട്ടേക്ക് വരുന്നതിന് മുമ്പ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജുമായി ജില്ലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. കോവിഡ് ആശുപത്രിയായി നിലവിൽ പ്രവർത്തിക്കുന്ന കാസർകോട് സർക്കാർ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട മറ്റുപ്രശ്നങ്ങൾ തിരുവനന്തപുരത്ത് എത്തിയ ശേഷം ചർച്ചനടത്തി പരിഹരിക്കാൻ ശ്രമിക്കും.

കാസർകോട് ഫിഷ് ലാൻഡിംഗ് സെന്ററിന്റെ പോരായ്മകൾ തീർക്കും. നീലേശ്വരം രാജകൊട്ടാരവുമായി ബന്ധപ്പെടുത്തി ജില്ലയിലെ ആദ്യത്തെ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലനും നഗരസഭയും ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. അതല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തി മ്യൂസിയം സ്ഥാപിക്കും. തുറമുഖ വകുപ്പിന്റെ കൈവശമുള്ള തളങ്കരയിലെ 4.8 ഏക്കർ സ്ഥലത്ത് ടൂറിസം പദ്ധതികൾ ആവിഷ്ക്കരിക്കും.

ജില്ലയിലെ മണൽ ലഭ്യത കണക്കിലെടുത്തു മണൽ ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചിക്കും. ഈ സർക്കാറിന്റെ കാലാവധിക്കു മുമ്പ് തന്നെ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഐ.എൻ.എൽ നേതാക്കളായ എം.എ. ലത്തീഫ്, കാസിം ഇരിക്കൂർ, അസീസ് കടപ്പുറം എന്നിവരും ഒപ്പമുണ്ടായിരുന്നു.

Advertisement
Advertisement