സ്കൂൾതല ഓൺലൈൻ ക്‌ളാസുകൾ പ്രതീക്ഷയേറുന്നു...

Sunday 30 May 2021 12:16 AM IST

കാസർകോട്: കൊവിഡ് കാലത്ത് കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ക്‌ളാസുകൾ അനിവാര്യമാണ്. ഇത് സംബന്ധിച്ച ചർച്ചകൾ എത്രയും വേഗത്തിൽ വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. സർക്കാർ ഈ ആവശ്യം വേഗത്തിൽ നടപ്പിലാക്കുമെന്ന പ്രതീക്ഷ ഏറുകയാണ്.

വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത എല്ലാ ക്ലാസുകളും ഗുണപ്രദമായി എന്ന് കരുതുന്നില്ല. അകലെ നിന്ന് അപരിചിതമായ മുഖവും ശബ്ദവും തങ്ങളിലേക്കെത്തുമ്പോൾ അത്തരം ക്ളാസുകളിൽ സജീവമായി പങ്കെടുക്കാൻ കുട്ടികൾ വിമുഖത കാണിക്കുന്നു. പുതിയ കാലത്ത് കുട്ടികളെ പഠനമുറിയിലേക്ക് ആകർഷിക്കാൻ കഴിയേണ്ടതുണ്ട്. വിക്ടേഴ്‌സ് ചാനലിലെ ക്ളാസുകൾ നിലനിർത്തി കൊണ്ടുതന്നെ സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ തുടങ്ങാം. അദ്ധ്യാപകർ നേരിട്ട് സ്വന്തം കുട്ടികൾക്ക് ക്ളാസെടുക്കുകയും പ്രധാനാദ്ധ്യാപകൻ നിയന്ത്രിക്കുകയും ചെയ്താൽ നന്നാകും. പിയർ ടീച്ചിംഗ് എന്ന നിലയിൽ കുട്ടികൾ പരസ്പരം ആശയങ്ങൾ കൈമാറുന്ന രീതിയും നടപ്പിൽ വരുത്തണം.

ഡോ.വത്സൻ പിലിക്കോട്

ഓൺലൈൻ ക്ലാസുകൾ സ്കൂൾ തലത്തിലേക്ക് കൂടി എത്തുന്നത് സ്വാഗതാർഹം. ഓരോ കുട്ടിയേയും ഒരു യൂണിറ്റായി വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണമെന്ന ആശയം കുറേക്കൂടി യാഥാർത്ഥ്യമാക്കാൻ ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കാം. സാധാരണ ക്ളാസ്സുകളെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിശാസ്ത്രമാണ് ഓൺലൈൻ ക്ളാസ്സുകൾക്ക്. കൊവിഡ് കാലത്ത് വിദ്യാഭ്യാസം നിന്നുപോകാതെ മുന്നോട്ടുകൊണ്ടുപോകാൻ നമ്മൾ തീരുമാനമെടുത്തു. പെട്ടെന്നു സജ്ജരാവേണ്ടി വന്നതിനാൽ കൃത്യമായ പരിശീലനമോ, മെറ്റീരിയൽ ലഭ്യമാക്കിയുള്ള സഹായമോ വേണ്ടത്ര ലഭിച്ചിരുന്നില്ല . ദൃശ്യമാധ്യമങ്ങളിലൂട പ്രക്ഷേപണം ചെയ്യുന്ന ക്ളാസ്സുകളുടെ ഒരു പരിമിതി അവയൊക്കെയും ഏകമുഖമാണ് എന്നതാണ്. കുട്ടികൾക്ക് സംവദിക്കാനോ സംശയങ്ങൾ ഉന്നയിക്കാനോ ഉള്ള സാദ്ധ്യതകൾ ഇതിലില്ല.

എ.വി സന്തോഷ് കുമാർ

കഥാകൃത്ത്, ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ

ഓൺലൈൻ ക്ലാസുകളുടെ അലകുംപിടിയും മാറേണ്ടതുണ്ട്. വിക്ടേഴ്സിലൂടെ ലഭിക്കുന്ന ടെലിവിഷൻ ക്ലാസാണ് ഓൺലൈൻ വിദ്യാഭ്യാസമെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കണം. ഈ ക്ലാസുകൾക്ക് അനുബന്ധമായി അധ്യാപകർ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിലാണ് ഓൺലൈൻ ക്ലാസുകളുടെ ആത്മാവ് കുടിയിരിക്കുന്നത്. ഓരോ അധ്യാപികയും തന്റെ കുട്ടികളുടെ സവിശേഷതകൾ ഉൾക്കൊണ്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഈ വർഷം ഓൺലൈൻ ക്ലാസുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓരോ കുട്ടിയുടെയും പഠനവിടവ് കൂടി ഗൗരവമായി പരിഗണിക്കണം. നിരന്തര മൂല്യനിർണയത്തിനും പഠന പിന്തുണയ്ക്കും അവസരമുണ്ടാകണം. സ്കൂൾ അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ പിൻബലത്തോടെ സൂക്ഷ്മതല ആസൂത്രണം നടത്തി ഗൗരവപൂർവ്വം കൈകാര്യം ചെയ്യേണ്ട മേഖലയായി ഓൺലൈൻ വിദ്യാഭ്യാസം പരിവർത്തിക്കപ്പെടണം

ഡോ. രതീഷ് കാളിയാടൻ

എക്സിക്യുട്ടീവ് ഡയറക്ടർ

സ്കോൾ കേരള

Advertisement
Advertisement