കാറും ലോറിയും കൂട്ടിയിടിച്ച് കാപ്പ പ്രതിയടക്കം നാലുപേർ മരിച്ചു

Sunday 30 May 2021 12:59 AM IST

ഹരിപ്പാട് (ആലപ്പുഴ) :ദേശീയപാതയിൽ നങ്ങ്യാർകുളങ്ങരയിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുൻവശത്ത് ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചു വയസുകാരനും കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയുമടക്കം നാലുപേർ മരിച്ചു. ലോറിയുടെ ഡ്രൈവറും ക്ളീനറുമടക്കം നാലുപേർക്ക് പരിക്കേറ്റു.

കാർ യാത്രികരായ കായംകുളം പുള്ളിക്കണക്ക് കുറ്റിയിൽ കിഴക്കതിൽ അൻസാഫിന്റെ ഭാര്യ ഐഷ ഫാത്തിമ (25), മകൻ ബിലാൽ (അഞ്ച് ), അൻസാഫിന്റെ സുഹൃത്തുക്കളായ പുള്ളിക്കണക്ക് സെമീന മൻസിലിൽ റിയാസ് (കാള റി​യാസ്,27), കൊട്ടാരക്കര വടക്കേക്കര ആനക്കോട്ടൂരിൽ ഓമനക്കുട്ടന്റെ മകൻ ഉണ്ണിക്കുട്ടൻ (25) എന്നിവരാണ് മരിച്ചത്. മരിച്ച റിയാസും പരിക്കേറ്റ അൻസാഫും (മാളു,27) കാപ്പ ചുമത്തി ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തപ്പെട്ടവരാണ്. റിയാസാണ് കാറോടിച്ചിരുന്നത്. ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻസാഫ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നു. സ്കോർപ്പിയോ കാറിൽ രക്ഷപ്പെട്ടെന്നാണ് വിവരം.

അൻസാഫിന്റെ സുഹൃത്തും കഞ്ചാവ് കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന അരുൺ അജിത്തിന്റെ ഭാര്യ കൊട്ടാരക്കര വെളിനെല്ലൂർ എ.എ.ഹൗസിൽ അജ്മി (23), ലോറി ഡ്രൈവർ കരുനാഗപ്പള്ളി കടത്തൂർ അൻസാന മനസിലിൽ നൗഷാദ്, ക്ലീനർ രാജേഷ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മണലുമായി കായംകുളം ഭാഗത്തേക്ക്‌ വന്ന ലോറിയും കായംകുളത്തു നിന്ന് എറണാകുളത്തേക്ക്‌ പോവുകയായിരുന്ന ഇന്നോവ കാറും ഇന്നലെ പുലർച്ചെ 3.30 ഓടെ കൂട്ടിയിടിക്കുകയായിരുന്നു. ഹരിപ്പാട് ഫയർ ആൻഡ് റെസ്ക്യൂ ടീമും ഹൈവേ പൊലീസും കരീലക്കുളങ്ങര പൊലീസും മണിക്കൂറുകൾ പരിശ്രമിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഐഷാ ഫാത്തിമയും ഉണ്ണിക്കുട്ടനും സംഭവ സ്ഥലത്തും റിയാസും ബിലാലും ആശുപത്രിയിലുമാണ് മരിച്ചത്. അമിത വേഗതയും കനത്ത മഴയത്ത് കാഴ്ച മറഞ്ഞതുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ചികിത്സയിലുള്ള അൻസാഫിന്റെ ബന്ധുവിനെ കായംകുളത്ത് സന്ദർശിച്ചശേഷം ഇപ്പോൾ താമസിക്കുന്ന എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാറിൽ നിന്ന് കഞ്ചാവും കഠാരയും പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ഉപയോഗി​ക്കാനായി​ സൂക്ഷി​ച്ചി​രുന്നതാണെന്ന് കരുതുന്നു.

നാടുകടത്തിയവർ നാട്ടി​ൽ

എത്തി​യി​ട്ടും അറിഞ്ഞി​ല്ല

2021 ജനുവരിയിലാണ് റിയാസിനെയും അൻസാഫി​നെയും കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയത്.

2016 മുതൽ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയാണ് മരിച്ച റിയാസ്. അൻസാഫി​നെതി​രെ കായംകുളം സ്റ്റേഷനിൽ 11 കേസുകളുണ്ട്. നിലവിൽ കായംകുളത്ത് അമ്പതോളം പ്രതികളെ കാപ്പ ചുമത്തി നാടുകടത്തിയിട്ടുണ്ട്. ഇവരിൽ പലരും പൊലീസിന്റെ കണ്ണ് വെട്ടിച്ചു കായംകുളത്ത് എത്താറുണ്ടെന്നും ആക്ഷേപമുണ്ട്.

Advertisement
Advertisement