അവധി ചോദിച്ച് ഷിബുബേബി ജോൺ, ആർ.എസ്.പിയിൽ മനംമാറ്റം ?

Sunday 30 May 2021 2:52 AM IST

കൊല്ലം:നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ ചവറയിൽ തുടർച്ചയായി

രണ്ടാം തവണയും പരാജയപ്പെട്ടതോടെ ആർ.എസ്.പിയിൽ മുന്നണിമാറ്റ ആലോചനകൾ നടക്കുന്നതായി സൂചന. വലിയൊരു വിഭാഗം നേതാക്കളും അണികളും ഇടത് മുന്നണയിൽ പോകണമെന്ന നിലപാടിലാണെങ്കിലും മുന്നണി മര്യാദയുടെ പേരിലാണ് നേതൃത്വം മൗനം പാലിക്കുന്നത്.

വിജയം നേടുന്നതിൽ യു.ഡി.എഫ് നേതൃത്വം പരാജയമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ എല്ലാവർക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. വ്യത്യസ്ത നിലപാടുകൾ കൂടിവരുന്നതും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ചവറയിലെ തുടർച്ചയായ രണ്ടാമത്തെ തോൽവിയെ തുടർന്ന് ആർ.എസ്.പി ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ഷിബു ബേബിജോൺ പാർട്ടിയിൽ നിന്ന് അവധി ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആറുമാസത്തേക്ക് അവധി വേണമെന്നാണ് 26ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഷിബു ആവശ്യപ്പെട്ടത്. എന്നാൽ അവധിയെടുക്കേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച തീരുമാനം ജൂൺ 1ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായേക്കും.

പ്രതികരിക്കാതെ നേതൃത്വം


അവധി അപേക്ഷയെപ്പറ്റിയോ, മുന്നണി മാറ്റ ചർച്ചകൾ സംബന്ധിച്ചോ പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ. അസീസോ മുതിർന്ന നേതാക്കളോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ കടുത്ത തോൽവിയിൽ അണികൾ അസ്വസ്ഥരാണെന്ന് ചില നേതാക്കൾ വെളിപ്പെടുത്തി. മുന്നണി മാറ്റം ചർച്ചയായിട്ടില്ലെന്നാണ് ഇവർ നൽകുന്ന സൂചന.

2014 മാർച്ചിലാണ് ആർ.എസ്.പി ഇടതുമുന്നണി വിട്ട് യു.ഡി.എഫിലെത്തിയത്. ഷിബു ബേബിജോണിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആർ.എസ്.പി (ബി) നേരത്തെ യു.ഡി.എഫിലായിരുന്നു. പിന്നീട് രണ്ട് ആർ.എസ്.പിയും ഒന്നായി യു.ഡി.എഫിൽ തുടരുകയായിരുന്നു.

''

വ്യക്തിപരമായ ആവശ്യത്തിന് അവധി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല. വോട്ട് നേടുന്നതിൽ യു.ഡി.എഫിനും പാർട്ടിക്കും വീഴ്ചയുണ്ടായി. ജാതിയും മതവും നോക്കിയാണ് വോട്ട് മറിഞ്ഞത്. ആർ.എസ്.പിക്കാരനായി തുടരും. പാർട്ടി തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും.

ഷിബു ബേബി ജോൺ

Advertisement
Advertisement