സ്നേഹാന്വേഷണവുമായി ഖദീജയുടെ കടയിലെത്തി കൃഷിമന്ത്രി

Sunday 30 May 2021 12:53 AM IST
ഖദീജയും കൃഷി​മന്ത്രി​ പി​.പ്രസാദും

പന്തളം: ചേരിക്കൽ ഗവ.ഐ.ടി.ഐ ജംഗ്ഷനിലുള്ള ഖദീജയുടെ ചെറിയ സ്റ്റേഷനറി കടയ്ക്ക് മുമ്പിൽ 13ാം നമ്പർ സ്റ്റേറ്റ് കാർ നിറുത്തിയത് കണ്ടപ്പോൾ നാട്ടുകാർക്ക് കൗതുകം. കൃഷിമന്ത്രി പി. പ്രസാദ് കാറിൽ നിന്നിറങ്ങി നേരെ കടയിലേക്ക്.

മന്ത്രി ഖദീജയെ പേരെടുത്തു വിളിച്ചപ്പോഴും നാട്ടുകാർക്കും കൂടെയെത്തിയവർക്കും കാര്യം മനസിലായില്ല. കടയ്ക്കുള്ളിൽ നിന്ന് ഖദീജ മന്ത്രിയുടെ അടുത്തേക്കെത്തി. തന്റെ അയൽവാസിയും സഹപാഠിയുമാണ് ഖദീജയെന്നു മന്ത്രി പരിചയപ്പെടുത്തി. കുശലാന്വേഷണങ്ങൾക്കിടെ കടയിൽ തൂക്കിയിട്ടിരുന്ന വാഴക്കുലയിൽ നിന്ന് ഒരു പഴം ഇരിഞ്ഞു കഴിച്ചു. നിസാര കാര്യത്തിനുപോലും പിണങ്ങുന്ന സ്വഭാവമാണ് ഖദീജയുടേതെന്ന് നർമ്മം കലർത്തി പറഞ്ഞ മന്ത്രി, ഖദീജയുടെ കുടുംബത്തിലെ എല്ലാവരുടെയും ക്ഷേമാന്വേഷണം നടത്തിയാണ് മടങ്ങിയത്.

കടയിലെത്തി സ്‌നേഹാന്വേഷണം നടത്താൻ മന്ത്രി സമയം കണ്ടെത്തിയത് സാധാരണ ജനങ്ങളോടുള്ള കരുതലാണെന്നാണ് ഖദീജയുടെ അഭിപ്രായം. വെള്ളപ്പൊക്കം മൂലം ദുരിതം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്നലെ രാവിലെ എത്തിയതായിരുന്നു മന്ത്രി. നൂറനാട് ആശാൻ കലുങ്കിലാണ് പി. പ്രസാദിന്റെ വീട്. സമീപമുള്ള പാലവിളയിൽ വീട്ടിലെ ഖദീജയും പ്രസാദും നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്‌കൂളിലാണു പഠിച്ചത്. പന്തളം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അമ്മച്ചി വീട്ടിൽ സലിം വിവാഹം കഴിച്ചതോടെയാണ് ഖദീജ ചേരിക്കലെത്തിയത്.

കാർഷിക മേഖലയെ സംരക്ഷിക്കാൻ
നടപടികൾ സ്വീകരിക്കും

കാർഷിക മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് കാർഷിക വികസന കർഷകക്ഷേമ മന്ത്രി പി.പ്രസാദ് പറഞ്ഞു. കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ പന്തളം കടയ്ക്കാട് കൃഷി ഫാം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കർഷകരേയും കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങൾ നടത്തി പദ്ധതികൾ ആവിഷികരിക്കാനാണു സർക്കാരിന്റെ ശ്രമം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാം മിത്തല്ല യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുടിയൂർക്കോണം എം.ടി.എൽ.പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ്, മഴമൂലം നശിച്ച കരിങ്ങാലി പുഞ്ച പ്രദേശം എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി.
നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.ഡി ഷീല, ജില്ലാ കൃഷി ഓഫീസർ അനിലാ മാത്യു, പന്തളം കൃഷി ഓഫീസർ സൗമ്യ ശേഖർ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Advertisement
Advertisement