ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിവ്

Saturday 29 May 2021 11:36 PM IST

കൊല്ലം: ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിവ് ആരംഭിക്കും. ടോൾ പിരിവിന് ആവശ്യമായ സൗകര്യങ്ങൾ ദേശീപാത വിഭാഗത്തിന് ഒരുക്കിനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. ഈ കത്ത് ചീഫ് സെക്രട്ടറി പൊതുമരാമത്ത് വകുപ്പിന് കൈമാറി.

കേന്ദ്ര സർക്കാർ ടോൾ പിരിവിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് തടസപ്പെടുത്താൻ കഴിയില്ല. പ്രതിഷേധം ഉയർന്നാലും പിരിവുമായി മുന്നോട്ടുപോകാനാണ് ദേശീയപാത വിഭാഗത്തിന്റെ തീരുമാനം.

മൂന്ന് മാസത്തേക്കാണ് ടോൾ പിരിവിന്റെ കരാർ. ആദ്യം കരാറെറ്റെടുത്ത കമ്പിനിക്ക് ജില്ലാ ഭരണകൂടം അനുകൂല നിലപാട് സ്വീകരിക്കാഞ്ഞതിനാൽ ടോൾ പിരിവ് ആരംഭിക്കാൻ കഴിഞ്ഞില്ല. ഉത്തർപ്രദേശ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഡൽഹി ആസ്ഥാനമായ കമ്പിനിയാണ് ഇപ്പോൾ കരാറെടുത്തിരിക്കുന്നത്. ജനുവരി പകുതിയോടെ തന്നെ ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിനിടയിൽ പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കാനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. ഇതിനിടയിൽ ഒന്നരമാസം മുമ്പ് കരാർ ഏജൻസി ടോൾ പിരിവിന് ശ്രമിച്ചെങ്കിലും കളക്ടർ ഇടപെട്ട് തടയുകയായിരുന്നു. പുതിയ കരാറുകാർ സ്ഥലത്തെത്തി പിരിവിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. രണ്ടുദിവസം മുമ്പ് ട്രയൽ നടത്തിയിരുന്നു.

കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം കർശന നിലപാട് സ്വീകരിച്ചാൽ പിരിവ് കുറച്ച് ദിവസത്തേക്ക് കൂടി നീട്ടാനും സാദ്ധ്യതയുണ്ട്.

പിരിച്ചെടുക്കുക 176 കോടി

352 കോടി രൂപയാണ് കൊല്ലം ബൈപ്പാസിന്റെ നിർമ്മാണച്ചെലവ്. ഇതിന്റെ പകുതി തുക വഹിച്ചത് കേന്ദ്ര സർക്കാരാണ്. ഇത്രയും തുകയാകും ടോളിലൂടെ തിരിച്ചുപിടിക്കുക. വിവിധ വിഭാഗം വാഹനങ്ങൾക്കുള്ള ടോൾനിരക്ക് നിശ്ചയിച്ച് നേരത്തേ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കൊല്ലം ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയായ 2019 ജനുവരിയിൽ തന്നെ ടോൾ ബൂത്തും സജ്ജമാക്കിയിരുന്നു.

''

ടോൾ പിരിവ് ആരംഭിക്കുന്നത് സംബന്ധിച്ച് പ്രത്യേക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ബൈപ്പാസിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള ധാരണ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് ചീഫ് സെക്രട്ടറിയും പൊതുമരാമത്ത് സെക്രട്ടറിയും പറഞ്ഞിരുന്നു.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ

Advertisement
Advertisement