വോട്ടെടുപ്പ് ചിത്രീകരണത്തിന് പണം നൽകിയില്ല, വീഡിയോ ഗ്രാഫർമാരെ കരാറുകാരൻ പറ്റിച്ചതായി ആക്ഷേപം

Monday 31 May 2021 12:05 AM IST

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നവരുടെ വീഡിയോ പകർത്താനെത്തിയ വീഡിയോഗ്രാഫർമാർക്ക് കരാറുകാരൻ പണം നൽകിയില്ലെന്ന് ആക്ഷേപം. പരാതിയുമായി തിരഞ്ഞെടുപ്പ് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് വീഡിയോ ഗ്രാഫർമാർ. ആറന്മുള മണ്ഡലത്തിലെ പോസ്റ്റൽ വോട്ട് ചിത്രീകരിച്ചവരാണ് പരാതിക്കാർ. സ്ത്രീകളടക്കമുള്ളവർ ഇതിൽപ്പെടും. 500 മുതൽ 1100രൂപവരെയാണ് കോൺട്രാക്ടർമാർ ഇവർക്ക് നൽകാമെന്ന് വാക്കാൽ പറഞ്ഞത്. കരാറുകാരനടക്കം അമ്പത്തിരണ്ട് പേരാണ് പോസ്റ്റൽ വോട്ട് സമയത്ത് ജില്ലയിൽ വിഡീയോ ഗ്രാഫർമാരായി ജോലി ചെയ്തത്.

പോസ്റ്റൽ വോട്ടിംഗ് ചിത്രീകരിച്ച് സി.ഡിയിലാക്കിയാണ് ഒാരോ വീഡിയോഗ്രാഫറും നൽകിയത്.

എന്നാൽ ചെലവായ തുകയുടെ പകുതിപോലും നൽകാൻ കോൺട്രാക്ടർ തയ്യാറായില്ലെന്നാണ് പരാതി. ഭക്ഷണവും സ്വന്തമായി വാങ്ങുകയായിരുന്നു. ബില്ല് മാറി കിട്ടിയില്ലെന്നാണ് ഇവരോട് കോൺട്രാക്ടർ പറഞ്ഞത്.

കോൺട്രാക്ടർ പറഞ്ഞത്

ജില്ലയിൽ 52പേരാണ് തിരഞ്ഞെടുപ്പ് സമയത്ത് ജോലി ചെയ്തത്. ഇവരിൽ പ്രൊഫഷണൽ കാമറ ഉപയോഗിച്ചവർക്ക് 1000 രൂപയും അമച്വർ കാമറയ്ക്ക് 950 രൂപയും മൊബൈൽ എടുത്തവർക്ക് 500 രൂപയുമാണ് നൽകുന്നത്. പകുതിപേരുടേയും കൂലി നൽകിയിട്ടുണ്ട്. ഇനി ഏഴ് പേരുടെയാണ് നൽകാനുള്ളത്. ഗൂഗിൾ പേയിൽ ചിലതൊക്കെ തകരാറ് കാണിച്ചിട്ടുണ്ട്. ടാക്സ് കഴിഞ്ഞുള്ള തുക മാത്രമേ നൽകാൻ കഴിയൂ.

" കോൺട്രാക്ടർമാർക്ക് ബില്ല് പാസാക്കി നൽകിയിട്ടുണ്ട്. മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. ബില്ലിന് എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ല. അന്വേഷണം നടത്തും.

ചന്ദ്രശേഖരൻ നായർ

ഡെപ്യൂട്ടി കളക്ടർ

" കുറച്ച് പണം കിട്ടിയവർ ഉണ്ട്. ബാക്കി ചോദിക്കുമ്പോൾ മോശമായാണ് പെരുമാറുന്നത്. സ്ത്രീകളടക്കം ഇതിലുണ്ട്. ഓരോരുത്തരോടും പറഞ്ഞ തുക പലതാണ്. ജോലി ചെയ്ത രൂപ കിട്ടണമെന്നേ ഞങ്ങൾക്കുള്ളു. ഭക്ഷണവും സി.ഡിയുയൊക്കെ സ്വന്തം രൂപയ്ക്കാണ് വാങ്ങിയിരുന്നത്. "

വീഡിയോ ഗ്രാഫർ

Advertisement
Advertisement