എവിടെയും എപ്പോഴും കാന്റേ

Sunday 30 May 2021 10:26 PM IST

സ്വന്തം ഗോൾപോസ്റ്റുമുതൽ എതിർ ഗോൾപോസ്റ്റുവരെയും തിരിച്ചുമുള്ള നിലയ്ക്കാത്ത ഓട്ടമാണ് എൻഗോളോ കാന്റെയെന്ന ചെൽസിയുടെ ഫ്രഞ്ച് മിഡ്ഫീൽഡർ .ഗ്രൗണ്ടിൽ പന്ത് എവിടെയുണ്ടോ അവിടെ കാന്റേയുമുണ്ടാകും. ആക്രമിക്കാനും പ്രതിരോധിക്കാനും ഒരേപോലെ ഓടിയെത്തും. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ് ജേതാക്കളായപ്പോൾ കാന്റേയുടെ മികവ് ഫുട്ബാൾ ലോകം കണ്ടറിഞ്ഞതാണ്. ഇപ്പോൾ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് കിരീടധാരണത്തിലും കാന്റേ തന്നെയാണ് താരം.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടു പാദങ്ങളിലും ഫൈനലിലും കളിയിലെ താരമായത് എൻഗോളോ കാന്റേയാണ്.മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരങ്ങൾ നിറഞ്ഞ ആക്രമണ നിരയെ ഒറ്റയ്ക്കു വരിഞ്ഞുകെട്ടിയ കാന്റേയുടെ പ്രകടനമായിരുന്നു പോർട്ടോ പട്ടണത്തിലെ ഫൈനലിൽ കണ്ടത്. ആസൂത്രണത്തികവുള്ള ഒരു നീക്കംപോലും നടത്താൻ പെപ്പിന്റെ കുട്ടികളെ കാന്റേ അനുവദിച്ചില്ല.

2014-ൽ ഫ്രഞ്ച് ലീഗിൽ ശ്രദ്ധ നേടിയ കാന്റേ 2015-ലാണ് ലെസ്റ്റർ സിറ്റിയിലൂടെ ഇംഗ്ലണ്ടിലെത്തുന്നത്. തൊട്ടടുത്ത വർഷം ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടി. 2017-ൽ ചെൽസിക്കൊപ്പവും പ്രീമിയർ ലീഗ് കിരീടനേട്ടം. 2018-ൽ ഫ്രാൻസിനൊപ്പം ലോകകിരീടവും 2019-ൽ ചെൽസിക്കൊപ്പം യൂറോപ്പ ലീഗും നേടിയ കാന്റേയുടെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.

ഇനി ഫ്രാൻസിനൊപ്പം യൂറോ കപ്പ് നേടാനുള്ള യാത്രയിലാണ്. അതിലും വെന്നിക്കൊടി പാറിച്ചാൽ ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓറും തേടിയെത്തിയേക്കാം.

Advertisement
Advertisement