എന്നു തുറക്കും മൂന്നു നിലകൾ?

Monday 31 May 2021 12:02 AM IST
കൊയിലാണ്ടി താലൂക്ക് ആശു പത്രിയുടെ ആറ് നില കെട്ടിടം

കൊയിലാണ്ടി: മഹാമാരികൾ പലതും വന്ന് പോയേങ്കിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മൂന്നു നിലകൾ ഇന്നും അടഞ്ഞു കിടക്കുകയാണ്. 2018ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആറ് നില കെട്ടിടം നാടിന് സമർപ്പിച്ചത്. എന്നാൽ അവശേഷിക്കുന്ന 4,​5,​6 നിലകൾ ഇനിയും തുറന്ന് പ്രവർത്തിക്കാത്തത് ജനങ്ങൾക്ക് വലിയ ആശങ്കയാണ്. ഫയർ എൻ.‍ഒ.സി ലഭിക്കാത്തതാണ് ഈ മൂന്ന് നിലകൾ തുറന്ന് പ്രവർത്തിക്കാത്തത്. മാത്രമല്ല ഈ കെട്ടിടത്തിന് അനിവാര്യമായ റാമ്പ് സൗകര്യമില്ലാത്തതും പ്രവർത്തനാനുമതി നല്കുന്നതിന് തടസമാണ്. 19 കോടി ചെലവഴിച്ചാണ് കെട്ടിടം പണിതത്.വിഷയം അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മുസ്ലിം ലീഗ് നേതാവ് വി.പി ഇബ്രാഹിം കുട്ടി പറഞ്ഞു.അടിയന്തരമായി കെട്ടിടം പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആരോഗ്യ മന്ത്രി വീണ ജോർജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയത്.ഇപ്പോൾ നഗരസഭ പറയുന്നത് നിലവിൽ റാമ്പ് ഇല്ലാത്ത ഈ കെട്ടിടത്തിൽ സൗകര്യം ഒരുക്കുന്നതിനായി പഴയ ആശുപത്രി കെട്ടിടം പൊളിച്ചു മാറ്റി പുതുതായി ഒമ്പത് നിലകളുള്ള ആശുപത്രി കെട്ടിടം പണിയുമ്പോൾ റാമ്പ് നിർമ്മിക്കാൻ കഴിയുമെന്നാണ്. അതിന് എത്രവർഷം പിടിക്കുമെന്നാർക്കറിയാം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഫയർ എൻ.ഒ.സി ലഭിക്കാൻ വേണ്ട സംവിധാനമൊരുക്കാൻ എന്ന് കഴിയുമെന്നും ആർക്കും നിശ്ചയമില്ല. തിരഞ്ഞെടുപ്പ് വേളയിൽ താലൂക്ക് ആശുപത്രിയുടെ കഷ്ടകാലം ആരുടേയും അജണ്ടയിലും വന്നിരുന്നില്ല.

Advertisement
Advertisement