സി.പി.എം തീപ്പൊരി നേതാവ് മൈഥിലി ശിവരാമൻ അന്തരിച്ചു

Monday 31 May 2021 12:14 AM IST

വിടവാങ്ങിയത് വനിതാ വിമോചനത്തിന്റെ മുന്നണി പോരാളി

ചെന്നൈ: സി.പി.എം നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ദേശീയ വൈസ് പ്രസിഡന്റും ട്രേഡ്‌ യൂണിയൻ പ്രവർത്തകയും പ്രമുഖ വനിതാ വിമോചന പോരാളിയുമായ മൈഥിലി ശിവരാമൻ (81) ചെന്നൈയിൽ അന്തരിച്ചു. അൽഷിമേഴ്സ് രോഗബാധിതയായിരുന്ന അവർക്ക് കുറച്ചു ദിവസം മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭർത്താവ്: കരുണാകരൻ, മകൾ: പ്രൊഫ. കൽപന കരുണാകരൻ.

പാപ്പാ ഉമാനാഥിനൊപ്പം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപിക്കാൻ മുൻകൈയെടുത്തു. ദളിതരുടെയും അശരണരുടെയും അവകാശപ്പോരാട്ടങ്ങൾ നയിച്ച നേതാവാണ് മൈഥിലി. 1968ൽ തമിഴ്നാട്ടിലെ കീഴ്‌വെൺമണിയിൽ
സി.പി.എം നടത്തിയ ഭൂസമരത്തിൽ പങ്കെടുത്ത സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 44

ദളിതരെ സവർണ ഭൂഉടമകൾ കുടിലുകളിൽ ചുട്ടു കൊന്ന സംഭവത്തിൽ ഇരകൾക്ക് നീതി കിട്ടാൻ നടത്തിയ പോരാട്ടം ശ്രദ്ധ നേടിയിരുന്നു. മൈഥിലിയുടെ രചനകളാണ് ആ കൊടും ക്രൂരത ലോകത്തെ അറിയിച്ചത്. രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്കിടെ പോരാടിയ മൈഥിലി അണ്ണാദുരൈ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ രാജ്യത്ത് നിരവധി സ്‌ത്രീ സമരങ്ങൾ നയിച്ചു.

തമിഴ്നാട്ടിലെ വാചാതിയിൽ കൂട്ട മാനഭംഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കാനും മുൻപന്തിയിൽ നിന്നു. ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിൽ റിസർച്ച് അസിസ്​റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ആ ജോലി ഉപേക്ഷിച്ച് അവർ ഇന്ത്യയിലെ അധഃസ്ഥിതരുടെയും വനിതകളുടെയും അവകാശപ്പോരാട്ടത്തിന് ജീവിതം സമർപ്പിക്കുകയായിരുന്നു.

Advertisement
Advertisement